ഇലക്ടറൽ ബോണ്ട് വഴി പണം തട്ടിയെന്ന പരാതി; നിർമല സീതാരാമനെതിരെ കേസ്
കോർപ്പറേറ്റ് സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി കോടിക്കണക്കിന് രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ നിർബന്ധിച്ചെന്നാണ് പരാതി
ഡൽഹി: ഇലക്ടറൽ ബോണ്ട് പദ്ധതിയിലൂടെ പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ കേസെടുത്തു. ജനപ്രതിനിധികൾക്കായുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. സീതാരാമനും മറ്റുള്ളവരും ചേർന്ന് ഇലക്ടറൽ ബോണ്ടുകളുടെ മറവിൽ കൊള്ളയടിക്കൽ റാക്കറ്റ് സംഘടിപ്പിക്കുന്നുവെന്ന് ആരോപിച്ച് ജനാധികാര സംഘർഷ സംഘടനയുടെ അംഗമായ ആദർശ് അയ്യർ നൽകിയ പരാതിയിലാണ് നിർമലക്കെതിരെ കേസെടുത്തത്. ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ, കർണാടക ബിജെപി നേതാകളായ നളീൻ കുമാർ കട്ടീൽ, ബി.വൈ വിജയേന്ദ്ര എന്നിവരുടെ പേരിലും പരാതി നൽകിയിട്ടുണ്ട്. ഫെബ്രുവരയില്‍ ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിക്കൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിന് പിന്നാലെയായിരുന്നു അഭിഭാഷകന്‍ കൂടിയായ ആദര്‍ശ് അയ്യര്‍ കോടതിയെ സമീപിച്ചത്.
ഇഡി റെയ്ഡുകളുടെ മറവിൽ കോർപ്പറേറ്റ് സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി ആയിരക്കണക്കിന് കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ നിർബന്ധിച്ചെന്നാണ് പരാതി. ഈ ഇലക്ടറൽ ബോണ്ടുകൾ ബിജെപിയുടെ ദേശീയ-സംസ്ഥാന നേതാക്കൾ പണമാക്കിയതായും പരാതിയിൽ ആരോപണമുണ്ട്. നിർമലക്കു പുറമേ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർ, ബിജെപിയുടെ ദേശീയ-സംസ്ഥാന നേതാക്കൾ എന്നിവരും തിലക്‌നഗർ പൊലീസ് തയാറാക്കിയ എഫ്ഐആറിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവരിൽ പലരുടേയും പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
കേസെടുക്കാനുള്ള കോടതി ഉത്തരവിനു പിന്നാലെ നിർമല സീതാരാമന്റെ രാജി ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. നിർമല സീതാരാമൻ കേന്ദ്രമന്ത്രിയാണ്. അവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നിർമല സീതാരാമൻ അടക്കമുള്ളവർ ഇലക്ടറൽ ബോണ്ട് വഴി പണം തട്ടിയിട്ടുണ്ടെന്ന ആരോപണം ഗുരുതരമാണെന്നും അവർ ഉടൻ രാജിവെക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം നിർമല സീതാരാമനെ സംരക്ഷിച്ച് ബിജെപി രംഗത്തുവന്നു. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഇലക്ടറൽ ബോണ്ടിന്റെ മറവിൽ ക്രിമിനൽ നടപടികളൊന്നും നടന്നിട്ടില്ലെന്നും ബിജെപി വിശദീകരിച്ചു. ഇലക്ടറൽ ബോണ്ട് പാർട്ടിയുടെ നയപരമായ കാര്യമാണെന്ന് വ്യക്തമാക്കിയ ബിജെപി മുഡ ഭൂമി കൂംഭകോണക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കടന്നാക്രമിച്ചു.
Adjust Story Font
16