അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തും; കോൺഗ്രസ് സാമൂഹിക നീതി പ്രമേയം
എസ്. സി, എസ്.റ്റി വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശവും അന്തസും സംരക്ഷിക്കാൻ 'രോഹിത് വെമുല നിയമം' എന്ന പേരിൽ പ്രത്യേക നിയമം കൊണ്ടുവരുമെന്നും സാമൂഹിക നീതി പ്രമേയം
റായ്പൂര്‍: അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് സാമൂഹിക നീതി പ്രമേയം. പിന്നാക്ക വിഭാഗങ്ങളുടെ താൽപര്യവും പ്രാതിനിധ്യവും സംരക്ഷിക്കപ്പെടണം. ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപികരിക്കുമെന്നും വനിത കമ്മീഷന് ഭരണഘടന പദവി നൽകുമെന്നും പ്രമേയത്തിൽ പറയുന്നു. എസ്. സി, എസ്.റ്റി വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശവും അന്തസും സംരക്ഷിക്കാൻ 'രോഹിത് വെമുല നിയമം' എന്ന പേരിൽ പ്രത്യേക നിയമം കൊണ്ടുവരുമെന്നും സാമൂഹിക നീതി പ്രമേയം.
മൂന്ന് ദിവസം നീണ്ടുനിന്ന കോൺഗ്രസിന്‍റെ 85മത് പ്ലീനറി സമ്മേളനം ഇന്ന് സമാപിക്കും. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭം ലക്ഷ്യം വെച്ചാണ് കോൺഗ്രസിന്‍റെ പ്ലീനറി സമ്മേളനം. ജനവിരുദ്ധ നയങ്ങൾ ചൂണ്ടിക്കാട്ടിയാകും പ്രതിഷേധം. രാഹുൽ ഗാന്ധിയെ പ്രതിപക്ഷ മുഖമായി ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങളും സജീവമാണ്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് കോൺഗ്രസിന് അനിവാര്യമാണ്. അതിനായി സർവശക്തിയും സംഭരിച്ചുള്ള തിരിച്ചുവരവിനാണ് നീക്കം. പ്രതിപക്ഷ ഐക്യ ചർച്ചകൾ പ്ലീനറി സമ്മേളനത്തിലുടനീളം ഉണ്ടായി. ഒറ്റയ്ക്ക് നേരിടുന്നതിലും ഉചിതം സമാനമനസ്കരെ കൂടെ നിർത്തി പോരാടുന്നതാണെന്ന് നേതാക്കൾക്ക് കൃത്യമായ ധാരണയുണ്ട്. പ്ലീനറി തീരുമാനങ്ങൾ കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് നേതാക്കാൾ കണക്കുകൂട്ടുന്നു.
ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ വിജയത്തിൽ കുറഞ്ഞ ഒന്നും കോൺഗ്രസ് ലക്ഷ്യം വെക്കുന്നില്ല. ഭാരത് ജോഡോ യാത്രയുടെ വിജയം ഊർജമാക്കി മുന്നോട്ടു പോകണം എന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഇതെല്ലാം പറയുമ്പോഴും വിട്ടുവീഴ്ച മാത്രമല്ല വിലപേശലും കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും.
Adjust Story Font
16