Quantcast

'അവർ പാലത്തിൽനിന്ന് സ്വയം താഴേക്ക് ചാടുകയായിരുന്നു'; ഗോരക്ഷാ ഗുണ്ടകൾ മൂന്ന് യുവാക്കളെ കൊലപ്പെടുത്തിയെന്ന ആരോപണം തള്ളി പൊലീസ്

​ഗോരക്ഷാ ​ഗുണ്ടകൾ വാഹനം ആക്രമിച്ചെങ്കിലും യുവാക്കളെ ആക്രമിച്ചിട്ടില്ലെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്.

MediaOne Logo

Web Desk

  • Published:

    18 July 2024 5:06 AM GMT

Cattle Transporters In Chhattisgarh Not Assaulted, Died After Fall From Bridge Says Chargesheet
X

റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂർ ജില്ലയിൽ പശുക്കടത്ത് ആരോപിച്ച് മൂന്ന് യുവാക്കളെ കൊലപ്പെടുത്തിയെന്ന ആരോപണം തള്ളി പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്. കന്നുകാലികളെ കൊണ്ടുപോവുകയായിരുന്ന സദ്ദാം ഖുറേഷി (23), ഗുഡ്ഡു ഖാൻ (35), ചാന്ദ് മിയാ ഖാൻ (23) എന്നിവരെ പാലത്തിനടിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇവർ പാലത്തിൽനിന്ന് സ്വയം താഴേക്ക് ചാടുകയായിരുന്നു എന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്.

ഖുറേഷിയും അദ്ദേഹത്തിന്റെ ബന്ധുവായ ചാന്ദ് മിയാ ഖാനും ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശികളാണ്. ഗുഡ്ഡു ഖാൻ ഷാംലി ജില്ലക്കാരനാണ്. ജൂൺ ഏഴിന് റായ്പൂരിൽനിന്ന് മഹാസമുന്ദിലേക്ക് കന്നുകാലികളെ കൊണ്ടുപോകുമ്പോഴാണ് പശുക്കടത്ത് ആരോപിച്ച് ഗോരക്ഷാ ഗുണ്ടകൾ ഇവരെ ആക്രമിച്ചത്. പിന്നീട് പാലത്തിനടിയിലെ പാറക്കൂട്ടത്തിൽ ഇവരെ കണ്ടെത്തുകയായിരുന്നു. ചാന്ദ് മിയ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു. ഗുഡ്ഡു ഖാൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ഖുറേഷി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂൺ 18നുമാണ് മരിച്ചത്.

ഗോരക്ഷകർ എന്ന് അവകാശപ്പെടുന്ന അഞ്ചംഗ സംഘമാണ് ഇവരെ ആക്രമിച്ചതെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. ട്രക്കിൽ കാലികളെ കൊണ്ടുവരുന്നതറിഞ്ഞ് ഇവർ മൂന്നു കാറുകളിലായി വഴിയിൽ കാത്തിരിക്കുകയായിരുന്നു. 53 കിലോമീറ്ററോളം ട്രക്കിനെ പിന്തുടർന്ന് പിടിക്കാൻ ശ്രമിച്ച ഇവർ പാറക്കല്ലുകൾ കൊണ്ട് വാഹനത്തിന്റെ ചില്ലുകൾ എറിഞ്ഞു തകർത്തു. തങ്ങൾ ചെയ്യുന്നത് നിയമവിരുദ്ധവും മരണത്തിനും ഗുരുതരമായി പരിക്കേൽക്കാനും കാരണമാവുമെന്ന പൂർണബോധ്യത്തോടെയാണ് ഇവർ വാഹനം ആക്രമിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

ആക്രമണത്തെ തുടർന്ന് കൊല്ലപ്പെടുമെന്ന് ഭയന്ന് ഗുഡ്ഡു ഖാനും കൂടെയുള്ളവരും മഹാനദിക്ക് കുറുകെയുള്ള പാലത്തിന് ട്രക്ക് നിർത്തി രക്ഷപ്പെടാനായി താഴേക്ക് ചാടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഫൊറൻസിക് പരിശോധനയിൽ ഇവർ ആക്രമിക്കപ്പെട്ടതായി കണ്ടെത്താനായിട്ടില്ല. സംഭവത്തിന് ദൃക്‌സാക്ഷികൾ ഇല്ലായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

ആക്രമണത്തിനിരയായപ്പോൾ സദ്ദാം ഖുറേഷി ഭയപ്പെട്ട് തന്നെ വിളിച്ചിരുന്നതായി ബന്ധുവായ ശുഐബ് ഖാൻ പറഞ്ഞു. ''സഹായിയാണ് ഖുറേഷി സംഘത്തിനൊപ്പം പോയത്. തന്നെ വിളിച്ച ശേഷം അവൻ ഫോൺ പോക്കറ്റിലിടുകയായിരുന്നു. തന്റെ കയ്യും കാലും പൊട്ടിയെന്ന് പറഞ്ഞ് അവർ അലറിക്കരയുകയായിരുന്നു. എന്നെ തല്ലല്ലേ...എനിക്കൽപ്പം വെള്ളം തരൂ...എന്ന് അവൻ യാചിക്കുന്ന ഫോണിൽ കേൾക്കാമായിരുന്നു. അതേസമയം നിന്നെ ഞങ്ങൾ വെറുതെവിടില്ലെന്ന് മറ്റൊരാൾ ഭീഷണിപ്പെടുത്തുന്നതും കേട്ടു''- ശുഐബ് പറഞ്ഞു.

ഐ.പി.സി സെക്ഷൻ 304 (കുറ്റകരമായ നരഹത്യ), 307 (കൊലപാതകശ്രമം) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ജൂൺ 18ന് ഖുറേഷിയുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ പരിക്കുകളൊന്നുമില്ല എന്നാണ് പറഞ്ഞിരുന്നത്. ആക്രമണമൊന്നും നടന്നിട്ടില്ല, അവർ ഭയപ്പെട്ട് താഴേക്ക് ചാടുകയായിരുന്നു എന്നാണ് കുറ്റപത്രത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് അഡീഷണൽ എസ്.പി കീർത്തൻ റാത്തോഡ് പറഞ്ഞത്.

അതേസമയം പൊലീസ് കളവ് പറയുകയാണെന്ന് ശുഐബ് ഖാൻ പറഞ്ഞു. തന്റെ മൊഴി അനുസരിച്ചാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പിന്നീട് അത് തിരുത്തുകയായിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശുഐബ് പറഞ്ഞു.

TAGS :

Next Story