ബംഗാളില്‍ ബി.ജെ.പി നേതാവിനെ പാര്‍ട്ടി ഓഫീസിനുള്ളില്‍ പൊതിരെ തല്ലി സഹപ്രവര്‍ത്തകന്‍
ബി.ജെ.പിയുടെ മിഡ്നാപൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റിനെയാണ് മര്‍ദിച്ചത്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയുടെ മിഡ്നാപൂരിലെ വൈസ് പ്രസിഡന്‍റിനെ മര്‍ദിച്ച് സഹപ്രവര്‍ത്തകന്‍. വാക്കുതര്‍ക്കത്തിനിടെ പാര്‍ട്ടി ഓഫീസിനുള്ളില്‍ വെച്ചായിരുന്നു സംഭവം. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇന്ത്യടുഡെ പുറത്തുവിട്ടു.
ശനിയാഴ്ച വൈകുന്നേരം മണ്ഡലം പ്രസിഡന്‍റായ താക്കൂർ ദാസ് മിഡ്ഡ, ബി.ജെ.പിയുടെ മിഡ്‌നാപൂരിലെ ജില്ലാ ആസ്ഥാനത്ത് എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജില്ലാ വൈസ് പ്രസിഡൻറ് ശങ്കർ ഗുച്ചൈത് ഓഫീസിലുണ്ടായിരുന്നു. ഇരുവരും തമ്മില്‍ ആദ്യം വാക്കുതർക്കമുണ്ടായി. പിന്നാലെ കയ്യേറ്റവും. മറ്റ് പാർട്ടി പ്രവർത്തകർ ഇടപെടുന്നത് വരെ മിഡ്ഡ ശങ്കറിനെ മർദിക്കുന്നതിന്‍റെ വീഡിയോയാണ് പുറത്തുവന്നത്. ശങ്കര്‍ ഒരു ഘട്ടത്തില്‍ മര്‍ദനമേറ്റ് താഴെ വീണു. എന്തിനെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായതെന്ന് വ്യക്തമല്ല.
ബി.ജെ.പിക്കുള്ളിലെ സംഘര്‍ഷമാണ് വീഡിയോ രൂപത്തില്‍ പുറത്തുവന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. ഇതാണവരുടെ സംസ്കാരമെന്ന് ടി.എം.സി നേതാവ് അജിത് മെയ്തി പറഞ്ഞു. അതേസമയം സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ബി.ജെ.പി നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്ന് അടിയേറ്റ ശങ്കർ ഗുച്ചൈത് പറഞ്ഞു.
Summary- BJP district vice president of Midnapore was thrashed by a party colleague inside the district party office following an argument. The incident was caught on CCTV.
Adjust Story Font
16