തുണ്ട് കൈയിൽ വെക്കേണ്ട! പുസ്തകം തുറന്നുവച്ച് പരീക്ഷയെഴുതാം- പരീക്ഷണവുമായി സിബിഎസ്ഇ
പരീക്ഷാ ഹാളിലേക്ക് നോട്‌സ്, ടെക്‌സ്റ്റ് ബുക്ക്, മറ്റു സ്റ്റഡി മെറ്റീരിയലുകൾ എന്നിവ കൊണ്ടുവരാം
ന്യൂഡൽഹി: ദേശീയ കരിക്കുലം ചട്ടക്കൂട് നിർദേശങ്ങളുടെ ചുവടുപിടിച്ച് ഒമ്പതു മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകം തുറന്നുവച്ച പരീക്ഷ നടപ്പാക്കാൻ സിബിഎസ്ഇ. ഈ വർഷം നവംബർ-ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും സ്‌കൂളുകളിലാണ് ഇത്തരത്തില്‍ പരീക്ഷ നടത്തുക.
ഒമ്പത്, പത്ത് ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, സയൻസ്, 11,12 ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, ബയോളജി വിഷയങ്ങളിലാണ് ഓപൺ ബുക്ക് പരീക്ഷ നടപ്പാക്കുന്നത്. ഇതുപ്രകാരം വിദ്യാർത്ഥികൾക്ക് പരീക്ഷാ ഹാളിലേക്ക് നോട്‌സ്, ടെക്‌സ്റ്റ് ബുക്ക്, മറ്റു സ്റ്റഡി മെറ്റീരിയലുകൾ എന്നിവ കൊണ്ടുവരാം. അവ പരിശോധിക്കുകയും ചെയ്യാം.
അത്ര സിംപിളാകില്ല
പുസ്തകം തുറന്ന് പരീക്ഷയെഴുതാം എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പരീക്ഷാഹാളിലുണ്ടാകില്ല എന്നാണ് ഇതേക്കുറിച്ച് വിദ്യാഭ്യാസ വിദഗ്ധർ പറയുന്നത്. കാരണം നിലവിലെ ഓർമശക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങൾക്ക് പകരം വിദ്യാർത്ഥിയുടെ അപഗ്രഥന ശേഷി, ചിന്താശേഷി, പ്രശ്‌നപരിഹാരം, വിമർശന ചിന്ത തുടങ്ങിയവയ്ക്കാണ് ഓപൺ ബുക്ക് പരീക്ഷ മുൻതൂക്കം കൊടുക്കുക.
2014-17 വരെയുള്ള വർഷങ്ങളിൽ സിബിഎസ്ഇ സമാനമായ പരീക്ഷണം നടത്തിയിരുന്നു. ഓപൺ ടെക്സ്റ്റ് ബേസ്ഡ് അസസ്‌മെന്റ് എന്ന പേരിലാണ് പരീക്ഷ നടത്തിയിരുന്നത്. എന്നാൽ നെഗറ്റീവ് പ്രതികരണങ്ങളെ തുടർന്ന് ഇത് ഉപേക്ഷിക്കുകയായിരുന്നു. നേരത്തെ, കോവിഡ് മഹാമാരിക്കിടെ ഡൽഹി യൂണിവേഴ്‌സിറ്റി ഓപൺ ബുക്ക് പരീക്ഷ നടപ്പാക്കിയിരുന്നു.
പുതിയ സംവിധാനം ശരിയായ രീതിയിൽ നടപ്പാക്കണമെങ്കിൽ പാഠപുസ്തകങ്ങളിൽ സമൂലമായ മാറ്റങ്ങൾ വേണ്ടി വരുമെന്നും വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Summary: The CBSE may soon start taking open-book exams for some subjects in classes 9 to 12
Adjust Story Font
16