Quantcast

ചില ഭാ​ഗങ്ങൾ ഒഴിവാക്കിയാൽ മാത്രം കങ്കണയുടെ 'എമർജൻസി' റിലീസ് ചെയ്യാം; സെൻസർ ബോർഡ്

റിലീസിന് അനുമതി തേടി സിനിമയുടെ വിതരണക്കാരായ സീ സ്റ്റുഡിയോസ് സമർപ്പിച്ച ഹരജിയിലാണ് സെൻസർ ബോർഡ് നിലപാട് അറിയിച്ചത്.

MediaOne Logo

Web Desk

  • Updated:

    2024-09-26 11:39:55.0

Published:

26 Sep 2024 11:37 AM GMT

Censor Board Says Kangana Ranauts Movie Emergency Can Release With Some Cuts
X

മുംബൈ: ചില ഭാ​ഗങ്ങൾ ഒഴിവാക്കിയാൽ ബിജെപി എംപിയും നടിയുമായ കങ്കണാ റണാവത്ത് നായികയാവുന്ന പുതിയ ചിത്രം എമർജൻസി റിലീസ് ചെയ്യാമെന്ന് സെൻസർ ബോർഡ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ റിവിഷൻ കമ്മിറ്റി ശിപാർശ ചെയ്യുന്ന ചില കട്ടുകൾക്ക് ശേഷമേ റിലീസ് അനുവദിക്കാനാവൂ എന്ന് ബോംബെ ഹൈക്കോടതിയിലാണ് അധികൃതർ വ്യക്തമാക്കിയത്.

റിലീസിന് അനുമതി തേടി സിനിമയുടെ വിതരണക്കാരായ സീ സ്റ്റുഡിയോസ് സമർപ്പിച്ച ഹരജിയിലാണ് സെൻസർ ബോർഡ് നിലപാട് അറിയിച്ചത്. സെൻസർ ബോർഡ് റിവിഷൻ കമ്മിറ്റി നിർദേശിച്ച ചില വെട്ടിത്തിരുത്തലുകൾ വരുത്തിയാൽ സിനിമ റിലീസ് ചെയ്യാമെന്ന് ബോർഡിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് അഭിനവ് ചന്ദ്രചൂഡ് ജസ്റ്റിസ് ബി.പി കൊളബാവല്ലയും ഫിർദോഷ് പൂനിവാലയുമടങ്ങുന്ന ബെഞ്ചിന് മുമ്പാകെ പറഞ്ഞു.

റിലീസ് ചെയ്യുന്നതിന് മുമ്പ് സിനിമയിൽ ചെയ്യേണ്ട 11 പരിഷ്കാരങ്ങൾ ചൂണ്ടിക്കാട്ടി സീ സ്റ്റുഡിയോസിന് വേണ്ടി ഹാജരായ അഭിഭാഷകൻ ശരൺ ജഗ്തിയാനിക്ക് നോട്ടീസ് കൈമാറുകയും ചെയ്തു. നിർദേശിച്ചിട്ടുള്ള 11 പരിഷ്‌കരണങ്ങളിൽ സിനിമയിൽ ചെയ്യേണ്ട ചില കട്ടുകളും കൂട്ടിച്ചേർക്കലുകളും ഉൾപ്പെടുന്നു. ഈ പരിഷ്‌കാരങ്ങൾ അംഗീകരിക്കണോ വേണ്ടയോ എന്ന് സിനിമയുടെ അണിയറ പ്രവർത്തകർക്ക് തീരുമാനിക്കാം. അതേസമയം, കേസ് സെപ്റ്റംബർ 30ന് കോടതി വീണ്ടും പരി​ഗണിക്കും.

സെപ്തംബർ ആറിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം, സിഖ് സമുദായത്തെ മോശമാക്കി ചിത്രീകരിക്കുന്നു എന്ന പരാതിയെത്തുടർന്നാണ് പ്രതിസന്ധിയിലായത്. 1975ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കങ്കണ റണൗട്ട് തന്നെയാണ് ചിത്രം നിർമിക്കുന്നതും സംവിധാനം ചെയ്യുന്നതും.

'എമർജൻസി'ക്കുള്ള സർട്ടിഫിക്കറ്റ് ഉടൻ നൽകാൻ സെൻസർ ബോർഡിനോട് നിർദേശിക്കാൻ സെപ്റ്റംബർ നാലിന് ബോംബെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. തങ്ങളുടെ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നതിലും ചരിത്രത്തിന്റെ അവതരണത്തിന്റെ രീതിയിലും സിഖ് സംഘടനകൾ ആശങ്ക ഉന്നയിക്കുകയും സിനിമ സമ്പൂർണമായി നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

നേരത്തെ, എമർജൻസിയുമായി ബന്ധപ്പെട്ട് കങ്കണാ റണൗട്ട് ഉൾപ്പെടെയുള്ളവർക്ക് ചണ്ഡീ​ഗഢ് കോടതി നോട്ടീസ് അയച്ചിരുന്നു. 'എമർജൻസി' സിനിമയിൽ സിഖ് മതവിശ്വാസികളുടെ പ്രതിച്ഛായ മോശമാക്കിയെന്ന പരാതിയിലായിരുന്നു ചണ്ഡീഗഡ് ജില്ലാ കോടതിയുടെ നടപടി. അഭിഭാഷകനായ രവീന്ദർ സിങ് ബസ്സി സമർപ്പിച്ച ഹരജിയിലാണ് കോടതി നോട്ടീസ് അയച്ചത്. ഡിസംബർ അഞ്ചിനകം മറുപടി നൽകാനാണ് നിർദേശം.

സിനിമയിൽ റണാവത്തും മറ്റുള്ളവരും സിഖുകാരുടെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിച്ചുവെന്ന് ബസ്സി തൻ്റെ ഹർജിയിൽ ആരോപിച്ചു. 'ശരിയായ ചരിത്ര വസ്തുതകളും കണക്കുകളും പഠിക്കാതെ സിഖുകാരെ മോശമായി ചിത്രീകരിക്കുന്നു. കുറ്റാരോപിതരുടെ ഈ പ്രവൃത്തി സിഖ് സമൂഹത്തിൻ്റെ പൊതുവായ വികാരങ്ങളെ വ്രണപ്പെടുത്തി.'- ഹരജിയിൽ പറയുന്നു.

ട്രെയിലർ പുറത്തിറങ്ങിയതിനുശേഷം നിരവധി പരാതികളാണ് ചിത്രത്തിനെതിരെ ഉയർന്നുവന്നത്. ചിത്രത്തിൻ്റെ സംവിധായക കൂടിയായ കങ്കണ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നയാളാണെന്നും ബസ്സി ആരോപിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരെ പ്രകോപനപരമായ പ്രസ്താവനകളും പ്രസംഗങ്ങളും നടത്തി സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കങ്കണയ്ക്കെതിരെയും മറ്റ് രണ്ടു പേർക്കെതിരെയും ഭാരതീയ നാ​ഗരിക് സുരക്ഷാ സൻഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.


TAGS :

Next Story