Quantcast

'വീരമൃത്യു വരിച്ച അഗ്നിവീറിന്റെ കുടുംബത്തിന് കേന്ദ്രം നഷ്ടപരിഹാരത്തുക നൽകിയില്ല'; ആവർത്തിച്ച് രാഹുൽ ​ഗാന്ധി

നഷ്ടപരിഹാര തുകയും ഇൻഷുറൻസ് കമ്പനി നൽകുന്ന തുകയും രണ്ടും രണ്ടാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

MediaOne Logo

Web Desk

  • Updated:

    2024-07-05 16:21:15.0

Published:

5 July 2024 4:20 PM GMT

Center did not give compensation to the family of Agniveer who killed on January
X

ന്യൂ‍ഡൽഹി: വീരമൃത്യു വരിച്ച അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് കേന്ദ്ര സർക്കാരിൽനിന്ന് നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. ലഭിച്ചുവെന്ന് പറയുന്നത് ഇൻഷുറൻസ് തുകയാണ്. നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്നും അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ പറയുന്നു.

നഷ്ടപരിഹാര തുകയും ഇൻഷുറൻസ് കമ്പനി നൽകുന്ന തുകയും രണ്ടും രണ്ടാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. രാജ്യത്തിനായി വീരമൃത്യു വരിച്ച രക്തസാക്ഷിയുടെ കുടുംബത്തിന് അംഗീകാരം ലഭിച്ചേ മതിയാകൂ. മോദി സർക്കാർ ജവാൻമാരോട് വിവേചനം കാണിക്കുകയാണ്.

സർക്കാർ എന്തുതന്നെ പറഞ്ഞാലും ദേശസുരക്ഷയുടെ വിഷയമാണതെന്നും താൻ ആവർത്തിച്ച് വിഷയം ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. അ​​ഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് സൈന്യത്തിൽ നിന്നോ കേന്ദ്ര സർക്കാരിൽ നിന്നോ നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ലെന്ന് രാഹുൽ ​ഗാന്ധി കഴിഞ്ഞദിവസവും ആരോപിച്ചിരുന്നു.

വീരമൃത്യു വരിച്ച അഗ്നിവീറുകളുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നൽകിയെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പാർലമെന്റിലെ പ്രസ്താവന കളവാണെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. പാർലമെന്റിനെ തെറ്റിധരിപ്പിച്ച പ്രതിരോധ മന്ത്രി രാജ്യത്തോടും സേനയോടും അജയ് കുമാറിന്റെ കുടുംബത്തോടും മാപ്പ് പറയണമെന്നും രാഹുൽ ഗാന്ധി വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

മന്ത്രി പറഞ്ഞത് പോലെ ധനസഹായം കിട്ടിയിട്ടില്ലെന്ന് വീരമൃത്യു വരിച്ച അഗ്നിവീറുകളുടെ കുടുംബം പ്രതികരിച്ചിരുന്നു. അഗ്നിവീർ അജയ് കുമാറിന്റെ അച്ഛന്റെ വാക്കുകൾ പങ്കുവച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. എന്നാൽ രാഹുലിന്റെ ആരോപണം നിഷേധിച്ച് സൈന്യം രം​ഗത്തെത്തിയിരുന്നു.

കുടിശ്ശികയുള്ള മൊത്തം തുകയിൽ അഗ്നിവീറിന്റെ കുടുംബത്തിന് 98.39 ലക്ഷം രൂപ ഇതിനോടകം നൽകിയെന്നായിരുന്നു ഇന്ത്യൻ ആർമി പ്രതികരിച്ചത്. നഷ്ടപരിഹാര തുകയും മറ്റ് ആനുകൂല്യങ്ങളും ചേർത്തുള്ള ബാക്കി തുകയായ 67 ലക്ഷം രൂപ പൊലീസ് വെരിഫിക്കേഷനു ശേഷം കൈമാറും. മൊത്തത്തിൽ 1.65 കോടിയാണ് വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബത്തിന് നൽകുന്നതെന്നും ഇന്ത്യൻ ആർമി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ്, ഈ വാദത്തിനെതിരെ രാഹുൽ വീണ്ടും രം​ഗത്തെത്തിയത്.

മകന് രക്തസാക്ഷി പദവി വേണമെന്നും കഴിഞ്ഞദിവസം അജയ് കുമാറിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചയാളാണ് അവനെന്നും ഇതുവരെ രക്തസാക്ഷി പദവിയോ രക്തസാക്ഷിയുടെ കുടുംബത്തിന് ലഭിക്കുന്ന സൗകര്യങ്ങളോ നൽകിയിട്ടില്ലെന്നും പിതാവ് ചരൺജിത് സിങ് വ്യക്തമാക്കിയിരുന്നു. ജനുവരിയിൽ ജമ്മു കശ്മീരിൽ കുഴിബോംബ് പൊട്ടിത്തെറിച്ചാണ് അജയ് കുമാർ വീരമൃത്യു വരിച്ചത്.


TAGS :

Next Story