അഫ്ഗാനിലുള്ള ഇന്ത്യക്കാരുടെ കൃത്യമായ കണക്ക് ലഭ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
യു.എസ്, തജികിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് ഇന്ത്യൻ പൗരൻമാരെ അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ തുടരുന്ന ഇന്ത്യക്കാരുടെ കണക്ക് ലഭ്യമല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അഫ്ഗാനിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഭൂരിഭാഗം ഇന്ത്യക്കാരെയും തിരിച്ചെത്തിച്ചെന്നും ഇനി കുറച്ചു പേർ മാത്രമേ മടങ്ങാൻ ബാക്കിയുള്ളൂ എന്നാണ് അനുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി.
'' അഫ്ഗാനിൽ നിലവിലുള്ള ഇന്ത്യക്കാരുടെ കണക്ക് കൃത്യമായി പറയാൻ സാധിക്കില്ല, ആ കണക്കിൽ മാറ്റം വന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ചില ഇന്ത്യക്കാർ അഫ്ഗാനിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നു'.- വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി പറഞ്ഞു. നിലവിലെ അവസ്ഥ കൃത്യമായി ഇന്ത്യ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്തത് മുതൽ ഇന്ന് വരെ ഇന്ത്യ നൂറുകണക്കിന് ആൾക്കാരെ അഫ്ഗാനിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്. 550 ആൾക്കാരെ വിവിധ വിമാനങ്ങളിൽ കാബൂൾ, ദുഷാൻബെയിൽ നിന്ന് മാത്രം ഇന്ത്യ ഒഴിപ്പിച്ചിട്ടുണ്ട്. അതിൽ 260 പേർ ഇന്ത്യക്കാരാണ്. കൂടാതെ യു.എസ്, തജികിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് ഇന്ത്യൻ പൗരൻമാരെ അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അഫ്ഗാൻ പൗരൻമാരെയടക്കം അഫ്ഗാനിലുള്ള മറ്റു രാജ്യങ്ങളിലെ പൗരൻമാരെയും ഇന്ത്യ സ്വീകരിക്കുന്നുണ്ട്. ഇന്ത്യൻ പൗരൻമാരെ രക്ഷിക്കുക എന്നതാണ് ഇന്ത്യയുടെ ആദ്യ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഫ്ഗാൻ അഭയാർഥികൾക്കായി ഇന്ത്യ ആറുമാസത്തേക്ക് അടിയന്തര ഇ-വിസയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഒഴിപ്പിക്കൽ നടപടികൾ സുഗമമാക്കാൻ ഉസ്ബക്കിസ്ഥാന്റെയും ഇറാന്റെയും വ്യോമാതിർത്തികൾ തുറന്നു തന്നിട്ടുണ്ട്.
Adjust Story Font
16