Quantcast

ഡൽഹിയിലെ ജാട്ട് സമൂഹത്തെ കേന്ദ്രസർക്കാർ തഴയുന്നുവെന്ന് കെജ്‌രിവാൾ

മറ്റു സംസ്ഥാനങ്ങളിലെ ജാട്ടുകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സംവരണങ്ങളും ഡൽഹിയിലെ ജാട്ടുകൾക്ക് ലഭിക്കുന്നില്ലെന്നും കെജ്‌രിവാൾ കുറ്റപ്പെടുത്തി.

MediaOne Logo

Web Desk

  • Updated:

    2025-01-13 15:25:10.0

Published:

13 Jan 2025 2:57 PM GMT

ഡൽഹിയിലെ ജാട്ട് സമൂഹത്തെ കേന്ദ്രസർക്കാർ തഴയുന്നുവെന്ന് കെജ്‌രിവാൾ
X

ന്യൂ ഡൽഹി : ഡൽഹിയിലെ ജാട്ട് വിഭാഗത്തെ കേന്ദ്ര ഒബിസി ലിസ്റ്റിൽ ഉൾപ്പെടുത്താത്തതിൽ കേന്ദ്രത്തെ ചോദ്യം ചെയ്ത് കെജ്‌രിവാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ജാട്ട് വിഭാഗത്തിനുകൊടുത്ത ഉറപ്പുകൾ ഇതുവരെയും പാലിച്ചിട്ടില്ലെന്നും കെജ്‌രിവാൾ കുറ്റപ്പെടുത്തി.

കേന്ദ്രത്തിന്റെ ഒബിസി പട്ടികയിൽ ഡൽഹിയിലെ ജാട്ട് സമൂഹത്തെ ഉൾപ്പെടുത്തിയിട്ടില്ലെന്നും അത് കൊണ്ട് തന്നെ മറ്റു സംസ്ഥാനങ്ങളിലെ ജാട്ടുകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സംവരണങ്ങളും ഡൽഹിയിലെ ജാട്ടുകൾക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജസ്ഥാനിൽ നിന്നുള്ള ജാട്ടുകൾക്ക് ഡൽഹി സർവകലാശാലയിലും കോളേജുകളിലും പ്രവേശനം ലഭിക്കും, എയിംസിലും സഫ്ദർജംഗ് ആശുപത്രിയിലും മറ്റു കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും ജോലി ലഭിക്കും, പക്ഷേ ഡൽഹിയിലെ ജാട്ടുകൾക്ക് ഇതൊന്നും ലഭിക്കില്ല അദ്ദേഹം പറഞ്ഞു.

'മോദിയും അമിത്ഷായും ഇവർക്ക് കൊടുത്ത ഉറപ്പുകളൊന്നും പാലിച്ചിട്ടില്ല. ഇനി ഇവരോടും ബിജെപി നേതാക്കളോടും ഒന്നേ ചോദിക്കാനുള്ളു, ഡൽഹിയിലെ ജാട്ട് സമൂഹത്തെ എന്നാണ് നിങ്ങൾ പിന്നോക്ക വിഭാഗ പട്ടികയിൽ ഉൾപ്പെടുത്തുന്നത് ?' കെജ്‌രിവാൾ ചോദിച്ചു. കഴിഞ്ഞ 10 വർഷമായി സംവരണ വിഷയത്തിൽ ബിജെപി തങ്ങളോട് അനീതി കാണിച്ചെന്നും തങ്ങളെ ഒറ്റികൊടുത്തെന്നും ജാട്ട് നേതാക്കൾ രോഷം പങ്കുവെച്ചതായും എഎപി കൺവീനർ കൂടിയായ കെജ്‌രിവാൾ എക്സ് പോസ്റ്റിൽ പറഞ്ഞു.

അതേസമയം, സംവരണം കൊടുക്കുന്നതും മേൽ നോട്ടം വഹിക്കുന്നതുമെല്ലാം സംസ്ഥാന സർക്കാരാണെന്നും കഴിഞ്ഞ 10 കൊല്ലമായി ഭരണത്തിലിരിക്കുന്ന പാർട്ടി, വിധാൻ സഭയിലോ മറ്റ് പൊതുയിടങ്ങളിലോ ഈ വിഷയം ഉന്നയിച്ചിട്ടില്ലെന്നും ബിജെപി ലോക്സഭാ എംപി കമൽജീത് സെഹ്‌റാവത് പറഞ്ഞു. എഎപി വിട്ട കൈലാഷ് ഗെഹ്‌ലോട്ട് ഡൽഹി മുഖ്യമന്ത്രിയായിരുന്ന കെജ്‌രിവാളിനോട് പല തവണ ഇത് സൂചിപ്പിച്ചതാണെന്നും ജാട്ട് വിഭാഗത്തിന് സംവർണം കിട്ടുന്നില്ലെങ്കിൽ അതിന് യഥാർത്ഥ ഉത്തരവാദി കെജ്‌രിവാൾ സർക്കാരാണെന്നും ജാട്ട് സമുദായകാരനായ സെഹ്‌റാവത് കൂട്ടിച്ചേർത്തു.

ജാട്ട് സംവരണം എഎപിയുടെ രാഷ്ട്രീയ നാടകം മാത്രമെന്നും അവരുടെ നിലനിൽപ്പിന് ജാട്ടുകരെ ഉപയോഗിക്കുകയാണെന്നും ബിജെപി ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ വൈസ് ചെയർമാൻ കുൽജിത് സിങ് ചഹാൽ പറഞ്ഞു.

TAGS :

Next Story