Quantcast

രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നേരിടുകയാണ് കേന്ദ്രസര്‍ക്കാര്‍: സി.പി.എം പോളിറ്റ് ബ്യൂറോ

രാഹുല്‍ഗാന്ധിക്കെതിരായ നടപടിയിലൂടെ ബി.ജെ.പിയുടെ അസഹിഷ്ണുത മനോഭാവമാണ് പുറത്തായതെന്ന് പോളിറ്റ് ബ്യൂറോ വിമര്‍ശിച്ചു

MediaOne Logo

Web Desk

  • Updated:

    2023-03-27 11:57:20.0

Published:

27 March 2023 11:45 AM GMT

Exam malpractice; Union education minister should resign: CPM Politburo,neet,net,,latestnews
X

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ അപലപിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ. ബി.ജെ.പിയുടെ അസഹിഷ്ണുത മനോഭാവമാണ് പുറത്തായതെന്ന് പോളിറ്റ് ബ്യൂറോ വിമര്‍ശിച്ചു. 'രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നേരിടുകയാണ്. അദാനിയെ ബി.ജെ.പി വഴിവിട്ട് സഹായിക്കുകയാണ്. പാർലമെന്റ് സംവിധാനത്തെ ബി.ജെ.പി ബലഹീനമാക്കുകയാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെയും ബി.ജെ.പി ആക്രമിക്കുകയാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർ ബി.ജെ.പി അജണ്ടകൾ നടപ്പാക്കുകയാണ്'. കർണാടകയിലെ മുസ്‍ലിം സംവരണം എടുത്തു മാറ്റിയ നടപടിയെയും പോളിറ്റ് ബ്യൂറോ അപലപിച്ചു.


ത്രിപുര തെരഞ്ഞെടുപ്പ് ഫലം ഭീഷണി വകവെയ്ക്കാതെ പ്രതിപക്ഷത്തിന് വോട്ട് ചെയ്ത വോട്ടർമാർക്ക് നന്ദിയുണ്ടെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. കേരള സർക്കാരിനെ ഇകഴ്ത്തികാട്ടാനുള്ള ശ്രമത്തെ അപലപിക്കുന്നതായി ചൂണ്ടിക്കാട്ടിയ പി.ബി, കേരളത്തിൽ കോൺഗ്രസ് - ബി.ജെ.പി കൂട്ടുകെട്ടാണെന്നും വിമര്‍ശിച്ചു.

അതേസമയം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാർലമെന്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തില്‍ കലാശിച്ചു. ഡൽഹി ജന്ദർ മന്ദറിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിക്കെതിരെ ഡൽഹിയിൽ സംയുക്ത പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അദാനി വിഷയത്തിലും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിലും പ്രതിഷേധിച്ച് വിജയ് ചൗക്കിലേക്കാണ് മാർച്ച് നടത്തിയത്. പ്രതിഷേധ സൂചകമായി കറുപ്പണിഞ്ഞാണ് പ്രതിപക്ഷ എം.പിമാർ പാർലമെന്റിലെത്തിയത്.



സഭയ്ക്കകത്തും വലിയ പ്രതിഷേധമാണ് പ്രതിപക്ഷത്തിൽ നിന്നുണ്ടായത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ലോകസഭാ ഉത്തരവ് ടി.എൻ പ്രതാപനും ഹൈബി ഈഡനും സ്പീക്കർക്ക് നേരെ കീറിയെറിഞ്ഞു. തുടർന്ന് പ്രതിഷേധം ശക്തമായതോടെ പാർലമെന്റിന്റെ ഇരു സഭകളും നിർത്തിവച്ചു. രാജ്യസഭ രണ്ട് മണി വരെയും ലോക്സഭ വൈകീട്ട് നാല് വരെയുമാണ് നിർത്തിവച്ചത്.

തുടർന്നായിരുന്നു, പ്രതിപക്ഷ എം.പിമാർ വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തിയത്. രാഹുൽഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചോദിച്ചു. തൃണമൂൽ കോൺഗ്രസ്, ആംആദ്മി പാർട്ടി, ബിആർഎസ് തുടങ്ങിയ പാർട്ടി എം.പിമാരും പ്രതിപക്ഷ പ്രതിഷേധത്തിൽ പങ്കാളികളായി. വിഷയത്തിൽ ഒറ്റക്കെട്ടായി നിന്ന പ്രതിപക്ഷ പാർട്ടികൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.



രാജ്യത്ത് ജനാധിപത്യത്തെ നരേന്ദ്രമോദി ഒന്നിന് പുറകെ മറ്റൊന്നായി ഇല്ലാതാക്കുകയാണ്. ജനാധിപത്യ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണമാണ് കേന്ദ്രം നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചെന്നും അദ്ദേഹം ആഞ്ഞടിച്ചു. അദാനിയുടെ സമ്പത്ത് വർധിച്ചതിനെ കുറിച്ച് രാഹുൽ ഗാന്ധി പാർലമെന്റിൽ ചോദ്യം ഉന്നയിച്ചു. വിദേശ രാജ്യങ്ങളിൽ എത്ര തവണ അദാനിയെ നരേന്ദ്രമോദി വിമാനത്തിൽ കൊണ്ടുപോയെന്നും രാഹുൽഗാന്ധി ചോദിച്ചു.

TAGS :

Next Story