മീഡിയവൺ വിലക്ക്: സുപ്രിംകോടതിയിൽ മറുപടി നൽകാൻ കൂടുതൽ സമയം തേടി കേന്ദ്രം
സമയപരിധിക്ക് മുമ്പ് സത്യവാങ്മൂലം നൽകാൻ കഴിയാതിരുന്നതിനെ തുടർന്നാണ് കേന്ദ്രസർക്കാറിന്റെ പുതിയ നീക്കം
- Updated:
2022-04-06 10:07:03.0
മീഡിയവൺ സംപ്രേഷണ വിലക്കിനെതിരെ മാനേജ്‌മെൻറ് നൽകിയ ഹരജിയിൽ മറുപടി നൽകാൻ സുപ്രിംകോടതിയിൽ കൂടുതൽ സമയം തേടി കേന്ദ്രസർക്കാർ. നാല് ആഴ്ച കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. മറുപടി നൽകാൻ മാർച്ച് 30 വരെയാണ് സുപ്രിംകോടതി നേരത്തെ സമയം അനുവദിച്ചിരുന്നത്. എന്നാൽ സമയപരിധിക്ക് മുമ്പ് സത്യവാങ്മൂലം നൽകാൻ കഴിയാതിരുന്നതിനെ തുടർന്നാണ് കേന്ദ്രസർക്കാറിന്റെ പുതിയ നീക്കം. കേസിൽ നാളെ അന്തിമ വാദം കേൾക്കാനാരിക്കെയാണ് കേന്ദ്രം കൂടുതൽ സമയം ആവശ്യപ്പെട്ടത്.
വിലക്കേർപ്പെടുത്തിയുള്ള കേന്ദ്രസർക്കാറിന്റെ ഉത്തരവ് കോടതി സ്‌റ്റേ ചെയ്തതിനെ തുടർന്ന് മാർച്ച് 16ന് മീഡിയവൺ ചാനൽ സംപ്രേഷണം പുനരാരംഭിച്ചിരുന്നു. സംപ്രേഷണത്തിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് മാർച്ച് 15നാണ് സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ അടങ്ങുന്ന ബെഞ്ചാണ് മീഡിയവൺ വിലക്ക് നീക്കി ഇടക്കാല ഉത്തരവിറക്കിയിരുന്നത്. മീഡിയവണിന് വേണ്ടി മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, മുകുൾ റോത്തഗി, ഹുഫൈസ അഹമ്മദി, ഹാരിസ് ബീരാൻ എന്നിവർ ഹാജരായി. മുകുൾ റോത്തഗി ലണ്ടനിൽനിന്ന് വീഡിയോ കോൺഫെറൻസിലൂടെ പങ്കെടുത്തു. ദുഷ്യന്ത് ദവെയും ഹാരിസ് ബീരാനും കോടതിമുറിയിൽ എത്തി. കേന്ദ്രസർക്കാരിനു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു വീഡിയോ കോൺഫെറൻസിലും അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജ് കോടതി മുറിയിലും എത്തി പങ്കെടുത്തു.
The Central Government has sought more time in the Supreme Court to respond to the petition against the ban on MediaOne
Adjust Story Font
16