Quantcast

കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഉടന്‍: സുരേഷ് ഗോപിക്ക് സാധ്യത

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനും ഒരുങ്ങുന്ന സാഹചര്യത്തിലാണ് ബി.ജെ.പി നിര്‍ണായക നീക്കങ്ങള്‍ നടത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2023-06-29 12:29:07.0

Published:

29 Jun 2023 11:15 AM GMT

central ministry reshuffle suresh gopi likely to be minister
X

സുരേഷ് ഗോപി

ഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങി ബി.ജെ.പി. സിനിമാ താരം സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം നല്‍കിയേക്കും. ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പുനഃസംഘടന സംബന്ധിച്ച ചർച്ചകൾ നടത്തിയതായാണ് സൂചന.

തിങ്കളാഴ്ച വൈകീട്ട് ചേരുന്ന വിശാല മന്ത്രിസഭാ യോഗത്തിന് ശേഷമായിരിക്കും പുനഃസംഘടന സംബന്ധിച്ച പ്രഖ്യാപനം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കാതലായ മാറ്റങ്ങൾക്ക് ബി.ജെ.പി ഒരുങ്ങുന്നത്. ഒറ്റ നിയമസഭാ സാമാജികൻ പോലും ഇല്ലാത്ത കേരളം ബി.ജെ.പിക്ക് അഭിമാന പ്രശ്നമായി മാറിയിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് സുരേഷ് ഗോപിക്ക് ഒരവസരം കൂടി നൽകാൻ പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

സംഘടനാ തലത്തിലും വൻ അഴിച്ചുപണിയാണ് ബി.ജെ.പി ലക്ഷ്യം വെയ്ക്കുന്നത്. പുനഃസംഘടനയിൽ സ്ഥാനം നഷ്ടപ്പെടുന്ന കേന്ദ്രമന്ത്രിമാരോട് സംഘടനാ തലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നേതൃത്വം ആവശ്യപ്പെടും. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫലം കർണാടകയിലേതിന് സമാനമാകരുതെന്ന നിർബന്ധവും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് ഉണ്ട്. ഇതിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ നിന്ന് ഒന്നും രാജസ്ഥാനിൽ നിന്ന് രണ്ടും മന്ത്രിമാർ പുനഃസംഘടനയ്ക്ക് ശേഷം ഉണ്ടാകും.

ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരുടെ എണ്ണവും വർദ്ധിപ്പിക്കും. കേരളത്തിലെ ബി.ജെ.പിയിൽ നേതൃമാറ്റം ഉണ്ടാകില്ലെങ്കിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ നേതൃമാറ്റവും കേന്ദ്ര നേതൃത്വത്തിന്‍റെ പരിഗണനയിലുണ്ട്. കനത്ത തോൽവി ഏറ്റുവാങ്ങിയ കർണാടകയിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍റെ സ്ഥാനവും തെറിച്ചേക്കും.

ദേശീയ തലത്തിൽ സംഘടനയെ ശക്തിപ്പെടുത്താൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നു പേരെയും സെക്രട്ടറി സ്ഥാനത്തേക്ക് നാലു പേരെയും പരിഗണിക്കാൻ ഇന്നലെ രാത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായിട്ടുണ്ട്. ബി.ജെ.പിയിൽ ചേർന്ന അനിൽ ആന്‍റണി ഉൾപ്പെടെയുള്ളവർക്ക് പുനഃസംഘടന വഴി പാർട്ടിയിൽ പുതിയ ചുമതലകൾ ലഭിക്കും.


TAGS :

Next Story