അഹമ്മദ് നഗറല്ല ഇനി അഹില്യനഗര്‍; പേര് മാറ്റത്തിന് കേന്ദ്രത്തിന്‍റെ അനുമതി
അഹല്യ ദേവിയുടെ 300-ാം ജന്‍മവാര്‍ഷികത്തിലാണ് ഇങ്ങനെയൊരു ചരിത്രപരമായ തീരുമാനമുണ്ടായതെന്ന് പാട്ടീല്‍ പറഞ്ഞു
മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയുടെ പേര് അഹില്യനഗര്‍ എന്നു മാറ്റുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. വെള്ളിയാഴ്ച നടന്ന മഹാരാഷ്ട്ര മന്ത്രിസഭാ യോഗത്തിൽ റവന്യൂ മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടീൽ അഹമ്മദ്‌നഗർ ജില്ലയുടെ പേര് മാറ്റാനുള്ള നീക്കത്തിന് കേന്ദ്രം അംഗീകാരം നൽകിയതായി അറിയിച്ചു.
അഹല്യ ദേവിയുടെ 300-ാം ജന്‍മവാര്‍ഷികത്തിലാണ് ഇങ്ങനെയൊരു ചരിത്രപരമായ തീരുമാനമുണ്ടായതെന്ന് പാട്ടീല്‍ പറഞ്ഞു. ജില്ലയ്ക്ക് അഹല്യ ദേവിയുടെ പേര് നൽകണമെന്ന ആവശ്യം കഴിഞ്ഞ കുറേ വർഷങ്ങളായി ഉയർന്നിരുന്നു.ചോണ്ടിയിൽ നടക്കുന്ന ജന്മദിനാഘോഷ പരിപാടിയിൽ അഹല്യ ദേവിയുടെ പേരിടുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രഖ്യാപിച്ചു.
കഴിഞ്ഞ മാര്‍ച്ചിലാണ് പേരു മാറ്റത്തിന് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. തുടര്‍ന്നു കേന്ദ്രത്തിന് ശിപാര്‍ശ നല്‍കുകയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്‍ഡോറിലെ ഭരണാധികാരിയായിരുന്ന അഹില്യഭായ് ഹോള്‍ക്കറുടെ ജന്മനാടാണ് അഹമ്മദ് നഗറിലെ ചാന്ദി.
കാശി വിശ്വനാഥ ക്ഷേത്രമുള്‍പ്പെടെ നിരവധി ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിച്ച രാജ്ഞിയായിരുന്നു അഹല്യഭായ് എന്ന് അറിയപ്പെട്ടിരുന്ന അഹില്യഭായ് ഹോള്‍ക്കര്‍. ഔറംഗാബാദിനെ ഛത്രപതി സംഭാജി നഗറെന്നും ഒസ്മാനാബാദിനെ ധാരാശിവെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ നേരത്തേ പുനര്‍നാമകരണം ചെയ്തിരുന്നു.
Adjust Story Font
16