നീറ്റ് യു.ജി കൗൺസലിങ് ജൂലൈ മൂന്നാം വാരം മുതലെന്ന് കേന്ദ്രം
ഐഐടി മദ്രാസിന്റെ പരിശോധനയിൽ ഗൗരവകരമായ അപാകത കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി
ഡൽഹി: നീറ്റ് യു.ജി കൗൺസലിങ് ജൂലൈ മൂന്നാം വാരം മുതൽ ആരംഭിക്കുമെന്ന് കേന്ദ്രം. നീറ്റ് പരീക്ഷാ ക്രമക്കേടിൽ സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാല് റൗണ്ടുകളിലായാണ് കൗൺസിലിങ് നടത്തുക. അതേസമയം ഐഐടി മദ്രാസിൻ്റെ ഡാറ്റാ അനലിറ്റിക്‌സ് പ്രകാരം വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ വിശദീകരിച്ചു.
ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തുന്നവരെ പുറത്താക്കും. ഭാവിയിൽ ക്രമക്കേട് ഉണ്ടാകാതിരിക്കാൻ ഏഴംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. പുന:പരീക്ഷ നടത്തേണ്ട ആവശ്യമില്ല. പുറത്തുവിട്ട പരീക്ഷാഫലത്തിൽ അസ്വഭാവികത ഇല്ല. ഐഐടി മദ്രാസിന്റെ പരിശോധനയിൽ ഗൗരവകരമായ അപാകത കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
സിക്കാർ, കോട്ട, കോട്ടയം എന്നിവിടങ്ങളിലുള്ളവർക്കാണ് ഉയർന്ന മാർക്ക് ലഭിച്ചത്. ഈ സ്ഥലങ്ങളിൽ നിരവധി കോച്ചിങ് സെന്ററുകൾ കൂടുതൽ ഉള്ളതാകാം കാരണമെന്നാണ് ഐഐടി റിപ്പോർട്ട്. ആദ്യത്തെ ആയിരം റാങ്കിൽ 25 പേർ കോട്ടയത്തെ പരീക്ഷാ കേന്ദ്രത്തിൽ നിന്നുള്ളവരാണ്. ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം നടക്കുന്ന പട്നയിൽ ഉയർന്ന മാർക്ക് ലഭിച്ചവരുടെ എണ്ണം മുൻവർഷത്തേക്കാൾ കുറഞ്ഞെന്നുമാണ് റിപ്പോർട്ടിലുള്ളത്.
എൻ.ടി.എയും സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ടെലഗ്രാമിലുടെ പ്രചരിച്ച ചോദ്യപേപ്പർ ചോർന്നതായുള്ള വീഡിയോ വ്യാജമെന്ന് എൻ.ടി.എ. ചോദ്യപേപ്പർ വന്നുവെന്ന് പറയുന്ന ടെലഗ്രാം ചാനലിലെ അംഗങ്ങളും വ്യാജമെന്നും എൻ.ടി.എ വ്യക്തമാക്കി.
Adjust Story Font
16