രാജ്യദ്രോഹക്കുറ്റത്തിന്‍റെ ഭരണഘടനാസാധുത പുനഃപരിശോധിക്കേണ്ടെന്ന് കേന്ദ്രം സുപ്രിം കോടതിയിൽ
നിയമം റദ്ദാക്കണമെന്ന ഹരജികൾ തള്ളണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന്‍റെ ഭരണഘടനാ സാധുത പുനഃപരിശോധിക്കേണ്ടെന്ന് കേന്ദ്രം സുപ്രിം കോടതിയിൽ. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ നിയമം ഒഴിവാക്കണ്ടേ സാഹചര്യമില്ലെന്ന് സോളിസിറ്റർ ജനൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കേദാർനാഥ് കേസിൽ നിയമം നിലനിർത്തണമെന്ന കോടതി വിധി വിശാല ബെഞ്ച് പരിഗണിക്കേണ്ടതില്ലെന്നും കേന്ദ്രം അറിയിച്ചു. നിയമം റദ്ദാക്കണമെന്ന ഹരജികൾ തള്ളണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.
രാജ്യദ്രോഹക്കുറ്റത്തിന്റെ നിയമസാധുത പരിശോധിക്കാൻ വിശാലബെഞ്ച് രൂപീകരിക്കണോ എന്നകാര്യത്തിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൊവ്വാഴ്ച വാദം കേൾക്കും.
കൊളോണിയൽ കാലത്തെ രാജ്യദ്രോഹ നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജികൾ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും തൃണമൂൽ എംപി മഹുവ മൊയ്ത്രയും ഉൾപ്പെടെ അഞ്ച് കക്ഷികളാണ് സമർപ്പിച്ചത്. കൊളോണിയൽ നിയമത്തിന്റെ പേരിൽ മാധ്യമപ്രവർത്തകരുൾപ്പെടെ നിരവധി ആളുകൾ ഇപ്പോഴും ജയിലിൽ കഴിയുകയാണെന്നാണ് ഹരജിക്കാരുടെ വാദം. നിയമം സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും പൗരന് ഭരണഘടന നൽകുന്ന സംരക്ഷണമാണ് ഇല്ലാതാകുന്നതെന്നും ഹരജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്‌നമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് മാർഗനിർദേശം കൊണ്ടു വരണമെന്നും എജി കോടതിയെ അറിയിച്ചു. രാജ്യദ്രോഹകുറ്റം നിലനിൽക്കുമെന്ന 1962 ലെ കേദാർനാഥ് വിധി പുനഃപരിശോധിക്കണമെന്ന ഹരജിക്കാരുടെ വാദത്തെയും കേന്ദ്രം എതിർത്തു. വിശാല ബെഞ്ച് രൂപീകരിച്ച് വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ല. കലാപം ഉണ്ടാകുന്നത് തടയാൻ നിയമം അനിവാര്യമാണെന്നും അറ്റോർണി ജനറൽ പറഞ്ഞു.
Adjust Story Font
16