കർഷക സമരത്തിനിടെ പൊലീസ് നടപടിയിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം
നിയമങ്ങൾക്കെതിരെയുള്ള സമരം കഴിഞ്ഞ ദിവസമാണ് കർഷകർ അവസാനിപ്പിച്ചത്.
ന്യൂഡൽഹി: കർഷക പ്രതിഷേധത്തിനിടെയുള്ള പൊലീസ് നടപടി മൂലം ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കൃഷി മന്ത്രി നരേന്ദ്രസിങ് തോമറാണ് ഇക്കാര്യം അവകാശപ്പെട്ടത്. 2020 സെപ്തംബറിൽ പാസാക്കിയ നിയമങ്ങൾക്കെതിരെയുള്ള സമരം കഴിഞ്ഞ ദിവസമാണ് കർഷകർ അവസാനിപ്പിച്ചത്.
ഡൽഹി അതിർത്തിയിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലായിരുന്നു സമരം. മിനിമം താങ്ങുവിലയടക്കം കർഷകർ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം.
കോൺഗ്രസ് അംഗം ധീരജ് പ്രസാദ് സാഹുവും എഎപി നേതാവ് സഞ്ജയ് സിങ്ങും ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. കർഷക സമരത്തിനിടെ മരിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ പദ്ധതിയുണ്ടോ എന്നായിരുന്നു ഇരുവരുടെയും ചോദ്യം.
ഒരു വർഷം നീണ്ട പ്രതിഷേധത്തിനിടെ അറുനൂറിലേറെ കർഷകർക്ക് ജീവൻ നഷ്ടമായി എന്നാണ് കർഷക സംഘടനകൾ പറയുന്നത്.
Adjust Story Font
16