'ശുചിമുറിയില്‍ പോകാന്‍ പോലും ഭയമാണ്': ഒളിക്യാമറാ വിവാദത്തെ കുറിച്ച് വിദ്യാര്‍ഥിനികള്‍
അറസ്റ്റിലായ പെണ്‍കുട്ടിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു
ഒളിക്യാമറാ വിവാദത്തിന് പിന്നാലെ ശുചിമുറിയില്‍ പോകാന്‍ പോലും ഭയമാണെന്ന് മൊഹാലിയിലെ ചണ്ഡീഗഡ് സർവകലാശാലയിലെ വിദ്യാര്‍ഥിനികള്‍. ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തിന് പിന്നാലെ സര്‍വകലാശാലയില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് സര്‍വകലാശാല രണ്ട് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
ഒരു വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ താമസിച്ചിരുന്നവരുടെ അറുപതോളം സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഷിംലയിലെ കാമുകനു കൈമാറിയെന്നാണ് ആരോപണം. ചില ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലും പോൺ വെബ്‌സൈറ്റുകളിലും അപ്‌ലോഡ് ചെയ്തെന്നും ആരോപണം ഉയര്‍ന്നു. എന്നാൽ പൊലീസ് ഇത് നിഷേധിച്ചു. പെൺകുട്ടി തന്റെ വീഡിയോകൾ കാമുകന് അയച്ചു കൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു പെൺകുട്ടിയുടെയും ദൃശ്യങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. കിംവദന്തികൾ പ്രചരിച്ചതോടെ വിദ്യാർഥികള്‍ പരിഭ്രാന്തരാവുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു.
പെൺകുട്ടിയെയും കാമുകനെയും മുൻ കാമുകനെന്ന് പറയപ്പെടുന്ന മറ്റൊരു ആൺകുട്ടിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോസ്റ്റലിൽ എവിടെയെങ്കിലും ഒളിക്യാമറകൾ ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സര്‍വകലാശാല അധികൃതര്‍ പൊലീസിന് കൈക്കൂലി നൽകിയെന്നും അതിനാൽ അവർ വിദ്യാർഥികളെ പിന്തുണയ്ക്കുന്നില്ലെന്നും ചില വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
പൊലീസ് പറയുന്ന കാര്യങ്ങളില്‍ സ്ഥിരതയില്ലെന്ന് ഒരു വിദ്യാര്‍ഥി പറഞ്ഞു- "അവൾ തന്‍റെ വീഡിയോ മാത്രമാണ് ഫോർവേഡ് ചെയ്‌തതെങ്കിൽ, എന്തിനാണ് ലോക്കപ്പിലടച്ചത്? ക്ലാസുകൾ പുനരാരംഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലാം സാധാരണ നിലയിലാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതേസമയം ആശയക്കുഴപ്പങ്ങള്‍ അവസാനിക്കണം"
വാര്‍ഡനെതിരെയും വിദ്യാര്‍ഥികള്‍ക്ക് പരാതിയുണ്ട്- "പ്രശ്‌നം നിങ്ങളുടെ വസ്ത്രത്തിലാണെന്നും വീഡിയോയിലല്ലെന്നും പറഞ്ഞ ആ വാർഡൻ എവിടെയാണ്? നിങ്ങളുടെ വസ്ത്രങ്ങൾ കൊണ്ടാണ് ആൺകുട്ടികൾ അശ്ലീല വീഡിയോകൾ നിർമിക്കുന്നതെന്ന് അവർ പറഞ്ഞു. ആ വാർഡൻ കാരണമാണ് പെൺകുട്ടികൾക്ക് ഒന്നും തുറന്നുപറയാന്‍ പറ്റാത്തത്". അറസ്റ്റിലായ പെണ്‍കുട്ടിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Adjust Story Font
16