Quantcast

കാവിക്കോട്ടയിൽ ചന്ദ്രശേഖർ ആസാദ്; യോഗിയെ മറിച്ചിടുമോ?

യോഗിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്താതെ പ്രതിപക്ഷം ആസാദിനെ പിന്തുണച്ചാൽ ഗൊരക്പൂരിൽ മത്സരം കടുക്കും. എന്നാൽ നിലവിലെ ജാതി സമവാക്യങ്ങൾ വച്ച് ആസാദിന്റെ വെല്ലുവിളി യോഗി അതിജയിക്കുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

MediaOne Logo

Web Desk

  • Published:

    20 Jan 2022 10:20 AM GMT

കാവിക്കോട്ടയിൽ ചന്ദ്രശേഖർ ആസാദ്; യോഗിയെ മറിച്ചിടുമോ?
X

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ചതോടെ ദേശീയ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് ഗൊരഖ്പൂർ. ആസാദ് സമാജ് പാർട്ടിയുടെ ടിക്കറ്റിലാണ് ആസാദ് സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവിനെ നേരിടുന്നത്. മുപ്പത്തിനാലുകാരനായ ചന്ദ്രശേഖർ ആസാദിന്റെ കന്നി തെരഞ്ഞെടുപ്പ് മത്സരമാണിത്. ബിജെപിയുടെ കോട്ടയായ ഗൊരഖ്പൂരിൽ ആസാദിന്റെ സാധ്യതകൾ എങ്ങനെയാണ്? പരിശോധിക്കുന്നു;

മണ്ഡല ചരിത്രം ഇങ്ങനെ

സ്വാതന്ത്ര്യത്തിന് ശേഷം 1951 മുതൽ 1962 വരെ കോൺഗ്രസ് ജയിച്ച മണ്ഡലമാണിത്. 51ലും 57ലും ഇസ്താഫ അൻസാരി, 62ൽ നിഅ്മത്തുള്ള അൻസാരി എന്നിവരാണ് നിയമസഭയിലെത്തിയത്. 1967ൽ ഉദയ് പ്രതാപ് ദുബേയിലൂടെ ജനസംഘ് മണ്ഡലം പിടിച്ചെടുത്തു. എന്നാൽ 69ൽ കോൺഗ്രസിന്റെ രാം ലാൽ ഭായ് ആണ് വിജയിച്ചത്. 74ലും 77ലും ജനസംഘ്, ജനതാപാർട്ടി ടിക്കറ്റിൽ അവദേശ് കുമാർ ശ്രീവാസ്തവ സഭയിലെത്തി. പിന്നീട് കോൺഗ്രസ് ടിക്കറ്റിൽ സുനിൽ ശാസ്ത്രി ജയിച്ചെങ്കിലും 85ന് ശേഷം മണ്ഡലത്തിൽ കോൺഗ്രസിന് പച്ച തൊടാനായില്ല. 1989 മുതൽ ഉറച്ച ബിജെപി കോട്ടയാണ് മണ്ഡലം. 89 മുതൽ 96 വരെ ശിവ് പ്രസാദ് ശുക്ലയാണ് തുടർച്ചയായി വിജയിച്ചത്. ഒന്നാം മോദി മന്ത്രിസഭയിലെ ധനസഹമന്ത്രിയായിരുന്നു ശുക്ല. 2002 മുതൽ രാധാ മോഹൻദാസ് അഗർവാളാണ് വിജയിച്ചു വരുന്നത്.

ബിജെപിയുടെ കോട്ട

2017ലെ തെരഞ്ഞെടുപ്പിൽ 60,730 വോട്ടിനാണ് രാധാ മോഹൻദാസ് വിജയിച്ചിരുന്നത്. പോൾ ചെയ്ത വോട്ടിൽ 55.85 ശതമാനവും ഇദ്ദേഹത്തിന് ലഭിച്ചു. 1,22,221 വോട്ടാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി റാണാ രാഹുൽ സിങ്ങിന് 61,491 വോട്ടു കിട്ടി. 28.10 ശതമാനം വോട്ടാണ് കോൺഗ്രസ് സ്ഥാനാർത്ഥി നേടിയത്. ബിഎസ്പിക്കായി ജനാർദൻ ചൗധരിയും മത്സര രംഗത്തുണ്ടായിരുന്നു. 11.10 ശതമാനം വോട്ടാണ് ചൗധരി നേടിയത്. 2012ലെ തെരഞ്ഞെടുപ്പിൽ 47,454 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാധ മോഹൻ ജയിച്ചിരുന്നത്. ഇതാണ് തൊട്ടടുത്ത പോരിൽ ബിജെപി ഉയർത്തിയത്.

യോഗിയുടെ വരവ്

അയോധ്യ, ഗൊരഖ്പൂർ അർബൻ, മഥുര എന്നീ മണ്ഡലങ്ങളാണ് മത്സരിക്കാനായി യോഗി കണ്ടുവച്ചിരുന്നത്. അയോധ്യയിൽ മത്സരിക്കാനുള്ള താത്പര്യം അദ്ദേഹം കേന്ദ്രനേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ കേന്ദ്ര നേതൃത്വം ഗൊരഖ്പൂരിൽ തന്നെ മത്സരിക്കാൻ നിർദേശിക്കുകയായിരുന്നു. 1998 മുതൽ മുഖ്യമന്ത്രിയാകുന്നതു വരെ ഗൊരഖ്പൂർ എംപിയായിരുന്നു യോഗി.

ഗൊരഖ്പൂരിലെ ഗൊരഖ്നാഥ് മഠിലെ മുഖ്യപൂജാരി കൂടിയാണ് യോഗി. കിഴക്കൻ യുപിയിലാണ് ഗൊരഖ്പൂർ. ഈയിടെ യോഗി മന്ത്രിസഭയിൽ നിന്ന് രാജിവച്ച മൂന്നു മന്ത്രിമാരിൽ രണ്ടു പേരും കിഴക്കൻ യുപിയിൽ നിന്നാണ്.

യോഗിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്താതെ പ്രതിപക്ഷം ആസാദിനെ പിന്തുണച്ചാൽ ഗൊരക്പൂരിൽ മത്സരം കടുക്കും. എന്നാൽ നിലവിലെ ജാതി സമവാക്യങ്ങൾ വച്ച് ആസാദിന്റെ വെല്ലുവിളി യോഗി അതിജയിക്കുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ആസാദിനെ എസ്പി പിന്തുണയ്ക്കുമോ എന്നതാണ് വലിയ ചോദ്യം. നേരത്തെ, അഖിലേഷ് യാദവുമായി ഭീം ആർമി തലവൻ നടത്തിയ സഖ്യ ചർച്ചകൾ വിജയം കണ്ടിരുന്നില്ല. 2017 മെയിൽ സഹാറൻപൂരിൽ ദളിതരും മേൽജാതിക്കാരായ ഠാക്കൂറുകളും തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് ആസാദും ഭീം ആർമിയും രാജ്യശ്രദ്ധയിലേക്ക് വന്നത്.


TAGS :

Next Story