ചന്ദ്രബാബു നായിഡു ഏറ്റവും ധനികനായ മുഖ്യമന്ത്രി; ഏറ്റവും കുറവ് ആസ്തിയുള്ളവരില്‍ പിണറായി മൂന്നാമത്
10 കോടിയിലധികം ബാധ്യതയും ചന്ദ്രബാബു നായിഡു റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്
ഡല്‍ഹി: രാജ്യത്തെ മുഖ്യമന്ത്രിമാരുടെ സ്വത്ത് വിവരങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ട് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ADR). ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും സമ്പന്നന്‍. 931 കോടിയാണ് നായിഡുവിന്‍റെ ആസ്തി. ഏറ്റവും കുറവ് ആസ്തിയുള്ള മുഖ്യമന്ത്രിമാരിൽ മൂന്നാമൻ പിണറായി വിജയനാണ്. 1.18 കോടിയാണ് ആസ്തി.
10 കോടിയിലധികം ബാധ്യതയും ചന്ദ്രബാബു നായിഡു റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായി സ്ഥാനാർഥികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്‌മൂലങ്ങളും നാമനിർദേശ പത്രികകളും വിശകലനം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
1,18,75,766 കോടി രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആസ്തിയായി റിപ്പോർട്ടിൽ പറയുന്നത്. പട്ടികയിൽ ഏറ്റവും കുറവ് ആസ്തിയുള്ളത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കാണ്. 15 ലക്ഷം രൂപയാണ് മമതയുടെ ആസ്തി. 55 ലക്ഷം രൂപ ആസ്തിയുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയാണ് ഏറ്റവും കുറവ് ആസ്തിയുള്ള മുഖ്യമന്ത്രിമാരില്‍ രണ്ടാമത്. സമ്പന്നരിൽ രണ്ടാമത് അരുണാചൽ പ്രദേശിൻ്റെ പേമ ഖണ്ഡുവിനാണ്. 332 കോടിയുടെ സ്വത്തുക്കള്‍ ഖണ്ഡുവിനുണ്ട്. അതോടൊപ്പം 180 കോടിയുടെ ബാധ്യതയും അരുണാചല്‍ മുഖ്യമന്ത്രിക്കുണ്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സമ്പന്നരിൽ മൂന്നാമത്. സിദ്ധരാമയ്യക്ക് 23 കോടി രൂപയുടെ ബാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, 2023-24 കാലഘട്ടത്തിൽ ഇന്ത്യയുടെ ശരാശരി പ്രതിശീർഷ വാർഷിക വരുമാനം 1,85,854 രൂപയാണ്. എന്നാൽ മുഖ്യമന്ത്രിമാരുടെ ശരാശരി വരുമാനം 13,64, 310 രൂപ. ശരാശരി പ്രതിശീർഷ വാർഷിക വരുമാനത്തേക്കാൾ ഏഴിരട്ടിയിലേറെ വരുമാനമാണ് നിലവിൽ മുഖ്യമന്ത്രിമാർക്കുള്ളത്. മുഖ്യമന്ത്രിമാരിൽ രണ്ടുപേരാണ് ശതകോടീശ്വരന്മാരുള്ളത്. ശരാശരി ആസ്തി 52.59 കോടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 31 മുഖ്യമന്ത്രിമാരിൽ രണ്ടുപേർ മാത്രമാണ് സ്ത്രീകൾ. മമത ബാനർജിയും ഡൽഹി മുഖ്യമന്ത്രി അതിഷിയും.
Adjust Story Font
16