ആന്ധ്രയിൽ വഖഫ് ബോർഡ് പിരിച്ചുവിട്ട് ചന്ദ്രബാബു നായിഡു സർക്കാർ
ആന്ധ്ര സര്‍ക്കാര്‍ നടപടിയെ ബിജെപി ഐടി സെൽ തലവന്‍ അമിത് മാളവ്യ സ്വാഗതം ചെയ്തു
അമരാവതി: ആന്ധ്രപ്രദേശ് വഖഫ് ബോർഡ് പിരിച്ചുവിട്ട് ചന്ദ്രബാബു നായിഡു സർക്കാർ. ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് സർക്കാർ നിയമിച്ച ബോർഡാണ് പിരിച്ചുവിട്ടത്. ബോർഡ് കാലങ്ങളായി പ്രവർത്തനരഹിതമാണെന്നും എല്ലാവരെയും ഉൾക്കൊള്ളുന്നതല്ലെന്നും കാണിച്ചാണു നടപടി. കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി ബില്ലിനു പിന്നാലെയുള്ള വിവാദങ്ങൾക്കിടെയാണു എൻഡിഎ സഖ്യത്തിന്റെ ഭാഗമായ നായിഡുവിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.
2023 ഒക്ടോബറിൽ ജഗൻമോഹൻ സർക്കാർ പുറത്തിറക്കിയ ഉത്തരവാണ് ആന്ധ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം റദ്ദാക്കിയത്. 11 അംഗ ബോർഡിനെയാണ് മുൻ സർക്കാർ നിയമിച്ചിരുന്നത്. ഇതിൽ മൂന്നുപേർ തെരഞ്ഞെടുക്കപ്പെട്ടവരും ബാക്കിയുള്ളവർ നാമനിർദേശം ചെയ്യപ്പെട്ടവരുമായിരുന്നു. എന്നാൽ, വഖഫ് ബോർഡ് നിയമനം ചോദ്യംചെയ്തുകൊണ്ടുള്ള ഹരജി പരിഗണിച്ച് 2023 നവംബർ ഒന്നിന് ആന്ധ്ര ഹൈക്കോടതി ചെയർമാന്റെ നിയമനം സ്‌റ്റേ ചെയ്തു.
ഇതിനു പിന്നാലെ കാലങ്ങളായി വഖഫ് ബോർഡ് പ്രവർത്തനരഹിതമായി തുടരുകയാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണു സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയതെന്ന് ന്യൂനപക്ഷ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ സൂക്ഷ്മമായി പരിശോധിച്ചും വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും ബോർഡിന്റെ കാര്യക്ഷമമായ പ്രവർത്തനവും ലക്ഷ്യമിട്ടാണ് 2023 ഒക്ടോബർ 21ലെ സർക്കാർ ഉത്തരവ് പിൻവലിക്കുന്നതെന്നും ന്യൂനപക്ഷക്ഷേമ മന്ത്രാലയം സെക്രട്ടറി കാത്തി ഹർഷ്‌വർധൻ വ്യക്തമാക്കി.
അംഗങ്ങളുടെ നിയമനം ചോദ്യംചെയ്തുള്ള ഹരജികളിലുള്ള ഹൈക്കോടതിയുടെ സ്‌റ്റേ നടപടി നിലനിൽക്കുന്നതിനാൽ വഖഫ് ബോർഡ് നിർജീവമായിക്കിടക്കുകയാണെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി എൻ. മുഹമ്മദ് ഫാറൂഖ് പ്രതികരിച്ചു. ഈ സാഹചര്യം മറികടക്കാൻ വേണ്ടിയാണ് പഴയ ഉത്തരവ് റദ്ദാക്കാൻ തീരുമാനിച്ചതെന്നും ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിലും ന്യൂനപക്ഷക്ഷേമത്തിലും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നടപടിയെ ബിജെപി നേതാവും ഐടി സെൽ തലവനുമായ അമിത് മാളവ്യ സ്വാഗതം ചെയ്തിട്ടുണ്ട്. ഒരു മതേതര രാജ്യത്തിൽ വഖഫ് ബോർഡിനെ പിന്തുണയ്ക്കുന്ന ഒരു നിയമവും ഭരണഘടനയിലില്ലെന്നാണ് മാളവ്യ ചൂണ്ടിക്കാട്ടിയത്.
അതേസമയം, കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തിൽ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെ നിലപാട് നിർണായകമാണ്. ന്യൂനപക്ഷ സംരക്ഷണത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് തെരഞ്ഞെടുപ്പിനുശേഷവും നായിഡുവും ടിഡിപിയും വ്യക്തമാക്കിയിരുന്നു. വഖഫ് ഭേദഗതി നിയമം അംഗീകരിക്കാനാകില്ലെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം വ്യക്തമാക്കിട്ടുള്ളത്.
Summary: Chandrababu Naidu's NDA government dissolves Waqf Board in Andhra Pradesh
Adjust Story Font
16