അംബേദ്‌കർ വിരുദ്ധ പരാമർശം : അമിത് ഷായെ പിന്തുണച്ച് ചന്ദ്രബാബു നായിഡുവും ജഗൻ മോഹൻ റെഡ്‌ഡിയും
കോൺഗ്രസ് നുണകൾ പ്രചരിപ്പിക്കുന്ന പാർട്ടിയാണെന്നും അംബേദ്കറിന് അർഹിക്കുന്ന ആദരവ് അവർ നൽകിയിട്ടില്ലെന്നും ചന്ദ്രബാബു നായിഡു

വിജയവാഡ: അംബേദ്‌കർ വിവാദത്തിൽ അമിത് ഷായ്ക്ക് പ്രതിരോധം തീർത്ത് ടിഡിപിയും വൈഎസ്ആർ കോൺഗ്രസും. ടിഡിപി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും വൈഎസ്ആർ നേതാവ് ജഗൻ മോഹൻ റെഡ്‌ഡിയുമാണ് അമിത് ഷാക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്.
അംബേദ്കറിന് ബഹുമാനം നൽകാത്ത പാർട്ടിയാണ് കോൺഗ്രസ് എന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. അംബേദ്കറെ രണ്ട് തവണ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ച പാർട്ടിയാണ് കോൺഗ്രസ്. വി.പി സിംഗ് പ്രധാനമന്ത്രിയായിരിക്കെയാണ് പാർലമെന്റിൽ അംബേദ്കറുടെ പ്രതിമ സ്ഥാപിച്ചത്. എന്നാൽ അതിന് മുൻപ് കോൺഗ്രസ് പ്രധാനമന്ത്രിമാർക്ക് അംബേദ്കരെ ആദരിക്കാൻ പോലും താൽപ്പര്യമില്ലായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. ചിലയാളുകൾ വെറുതെ വിവാദങ്ങൾ സൃഷ്ടിച്ച് കൊണ്ടിരിക്കുമെന്നും, അമിത് ഷായുടെ പരാമർശത്തിന് പിന്നാലെ ഉണ്ടായതെല്ലാം അതിന് ഒരു ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിച്ച് കോൺഗ്രസ് തന്നെയും ആക്രമിച്ചിരുന്നു എന്നും നായിഡു പറഞ്ഞു. കൃഷി പാഴ്‌വേലയാണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെങ്കിലും എന്നിട്ടും പ്രതിപക്ഷ പാർട്ടികൾ തന്നെ കർഷക വിരുദ്ധനായി മുദ്രകുത്തി ശക്തമായി പ്രചാരണം നടത്തിയിരുന്നുവെന്നും നായിഡു പങ്കുവെച്ചു. ഒപ്പം വൈകാരിക വിഷയങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് പൊതുവേദികളിൽ സംസാരിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രിമാർക്ക് നിർദ്ദേശവും നൽകി.
അതിനോടപ്പം, എൻഡിഎയുടെ പങ്കാളിയല്ലാത്ത വൈഎസ്ആർ കോൺഗ്രസും അമിത് ഷായ്ക്ക് പരോക്ഷ പിന്തുണ നൽകി രംഗത്ത് വന്നു . അമിത് ഷായുടെ റിപ്പോർട്ട് വിവാദമായതിനെ തുടർന്ന് ബിജെപി അംഗങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അംബേദ്കറിനെക്കുറിച്ച് വാചാലമായി സംസാരിച്ചുവെന്ന് വൈഎസ്ആർ കോൺഗ്രസ് എക്‌സിൽ കുറിച്ചു. ബിജെപി നേതാക്കൾ ഡോ.അംബേദ്കറെ പുകഴ്ത്തിയതിൽ പാർട്ടി സന്തോഷിക്കുന്നുവെന്നും പാവപ്പെട്ടവരുടെ തുല്യഅവകാശവും ആദരവും അംഗീകരിക്കുന്ന അംബേദ്കറുടെ പ്രത്യയശാസ്ത്രം തങ്ങളുടെ ഡിഎൻഎ ആണെന്നും എക്സ് പോസ്റ്റിൽ പറയുന്നു.
Adjust Story Font
16