ലഡ്ഡു വിവാദത്തിനിടെ തിരുപ്പതി ക്ഷേത്രത്തിലേക്ക് പട്ടുവസ്ത്രങ്ങള്‍ നല്‍കി ചന്ദ്രബാബു നായിഡു
ബ്രഹ്മോത്സവത്തിന്‍റെ ആദ്യദിനത്തിലാണ് വെള്ളിയാഴ്ച നായിഡു തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ചത്
തിരുപ്പതി: ലഡ്ഡു വിവാദത്തിനിടെ തിരുപ്പതി ക്ഷേത്രത്തിലേക്ക് കാണിക്കയായി പട്ടുവസ്ത്രങ്ങള്‍ നല്‍കി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ബ്രഹ്മോത്സവത്തിന്‍റെ ആദ്യദിനത്തിലാണ് വെള്ളിയാഴ്ച നായിഡു തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ചത്.
ഭാര്യയോടൊപ്പമായിരുന്നു ക്ഷേത്രസന്ദര്‍ശനം. സ്വര്‍ണത്താലത്തില്‍ കൊണ്ടുവന്ന വിലകൂടിയ പട്ടുവസ്ത്രങ്ങള്‍ ഇരുവരും ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയായിരുന്നു. ടിടിഡി എക്‌സിക്യൂട്ടീവ് ഓഫീസർ ശ്യാമള റാവുവും അഡീഷണൽ ഇഒ വെങ്കയ്യ ചൗധരിയും നായിഡുവിനെ ശേഷവസ്ത്രം (വിശുദ്ധ വസ്ത്രം) നൽകി ആദരിച്ചു.
അതേസമയം ലഡ്ഡു വിവാദത്തിൽ സുപ്രിംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. അന്വേഷണത്തിന് അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെയാണ് കോടതി രൂപീകരിച്ചത്. സിബിഐ ഡയറക്ടർ പ്രവീൺ സൂദിൻ്റെ മേൽനോട്ടത്തിലാണ് എസ്ഐടി പ്രവർത്തിക്കുക.
ഇതിൽ രണ്ട് പേർ സിബിഐയിൽ നിന്നും രണ്ട് പേർ സംസ്ഥാന പൊലീസിൽ നിന്നും രണ്ട് പേർ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരും ആയിരിക്കും. വിഷയത്തിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താൻ സാധ്യതയുള്ള ആരോപണങ്ങളുണ്ടെന്ന് പറഞ്ഞ സുപ്രിംകോടതി, എസ്ഐടി അന്വേഷണം സിബിഐ ഡയറക്ടർ നിരീക്ഷിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡി സർക്കാരിൻ്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു തയാറാക്കാൻ ഗുണനിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉപയോഗിച്ചിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയും ടിഡിപി തലവനുമായ ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണം. തിരുപ്പതി ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിന്‍റെ സാമ്പിളിൽ പന്നിക്കൊഴുപ്പിന് സമാനമായ വസ്തുവും മത്സ്യ എണ്ണയും കണ്ടെത്തിയതായി ലബോറട്ടറി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും ടിഡിപി അവകാശപ്പെട്ടു. എന്നാൽ, വൈഎസ്ആർസിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡി ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
Adjust Story Font
16