Quantcast

ചന്ദ്രയാൻ-3 യാത്ര തുടരുന്നു; ഭ്രമണപഥം ഉയർത്തലിന് ഇന്നു തുടക്കമാകും

പ്രൊപ്പൽഷൽ മൊഡ്യൂൾ ജ്വലിപ്പിച്ചാകും ഭ്രമണപഥത്തിന്റെ വിസ്താരം വർധിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    15 July 2023 2:37 AM GMT

Chandrayaan3, Chandrayaan, ISRO, Indiasmoonmission, orbitallift, ISRO
X

ശ്രീഹരിക്കോട്ട: ചന്ദ്രയാൻ-3 പേടകത്തിന്റെ ആദ്യഘട്ട ഭൂഭ്രമണപഥം ഉയർത്തലിന് ഇന്നു തുടക്കമാകും. ഉച്ചയോടെ ആദ്യ ഭ്രമണപഥംമാറ്റമുണ്ടാകും. പ്രൊപ്പൽഷൽ മൊഡ്യൂൾ ജ്വലിപ്പിച്ചാകും ഭ്രമണപാതയുടെ വിസ്താരം വർധിപ്പിക്കുന്നത്. ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്തുനിന്നാണ് ഇതിനുവേണ്ട നിർദേശം നൽകുക.

ചന്ദ്രയാൻ-3 പേടകം 36,500 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്. പേടകത്തെ കൂടുതൽ ഉയർത്തുന്നതിനായി ഇന്ന് ഉച്ചയ്ക്കുശേഷം പ്രൊപ്പൽഷൻ മോഡ്യൂൾ ജ്വലിപ്പിക്കും. 70,000ത്തിലധികം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലൂടെയാകും പേടകം ഇനി ഭൂമിയെ വലയം ചെയ്യുക. ഘട്ടംഘട്ടമായി പേടകത്തെ ഉയർത്തി ചന്ദ്രനെ വലയം ചെയ്യുന്ന നിലയിലേക്ക് എത്തിക്കുക എന്നതാണ് ദൗത്യത്തിലെ അടുത്ത ഘട്ടം.

ഇന്നലെ ഉച്ചയോടെയാണ് രാജ്യത്തിന്റെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 വിജയകരമായി വിക്ഷേപിച്ചത്. നേരത്തെ നിശ്ചയിച്ചതു പ്രകാരം 2.35ഓടെ തന്നെ ചന്ദ്രയാനുമായി എൽ.വി.എം 3-എം റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്ന് കുതിച്ചുയർന്നു. പേടകം ചന്ദ്രനിലെത്താൻ ഇനിയും ഒരു മാസമെടുക്കും. തടസങ്ങളൊന്നുമുണ്ടായില്ലെങ്കിൽ ആഗസ്റ്റ് 24ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ചന്ദ്രയാൻ ലാൻഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ദൗത്യം പൂർണമായി വിജയം കണ്ടാൽ ചന്ദ്രനിൽ സുരക്ഷിതമായി സ്വന്തം പേടകമെത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

ഓർബിറ്ററിനു പകരം പ്രൊപ്പൽഷൻ മോഡ്യൂൾ ആണ് ലാൻഡറിനെയും റോവറിനെയും ചന്ദ്രന് തൊട്ടടുത്ത് എത്തിക്കുക. ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയാൽ ഉടൻതന്നെ റോവർ വേർപെടും. ലാൻഡറിലെയും റോവറിലെയും വിവിധ ഉപകരണങ്ങൾ ചന്ദ്രനിലെ വാതകങ്ങളെക്കുറിച്ചും രാസപദാർത്ഥങ്ങളെക്കുറിച്ചും പഠനം നടത്തും. ഇന്ത്യയുടെ ഭാവിയിലെ ഗ്രഹാന്തര ദൗത്യങ്ങളുടെ ഗതി നിർണയിക്കുന്നതും ചന്ദ്രയാൻ-3 ആണ്.

Summary: Chandrayaan-3's first phase of orbit raising will begin today. The propulsion module will be ignited to increase the width of the orbit

TAGS :

Next Story