ഡല്‍ഹി കോർപ്പറേഷനില്‍ അര്‍ധരാത്രിയിലും സംഘര്‍ഷം: ബി.ജെ.പി കൗണ്‍സിലർമാർ ആക്രമിച്ചെന്ന് മേയര്‍
ആറംഗ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെയാണ് എ.എ.പി-ബി.ജെ.പി കൗൺസിലർമാർ ഏറ്റുമുട്ടിയത്
ഡൽഹി: സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിനിടെ ഡൽഹി കോർപ്പറേഷനിൽ അർധരാത്രിയിലും സംഘർഷം. എ.എ.പി-ബി.ജെ.പി കൗൺസിലർമാർ ഏറ്റുമുട്ടി. വാക്കേറ്റത്തെ തുടർന്ന് പല തവണ തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെച്ചു.
ബഹളത്തിനിടെ ബി.ജെ.പി കൗൺസിലർമാർ ആക്രമിച്ചതായി ഡൽഹി മേയർ ഷെല്ലി ഒബ്‌റോയ് ആരോപിച്ചു- "സുപ്രിംകോടതി ഉത്തരവ് പ്രകാരം സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തുന്നതിനിടെ ബി.ജെ.പി കൗൺസിലർമാർ എന്നെ ആക്രമിച്ചു. ഇതാണ് ബി.ജെ.പിയുടെ ഗുണ്ടായിസം. അവര്‍ വനിതാ മേയറെ ആക്രമിക്കാന്‍ ശ്രമിച്ചു" എന്നാണ് ഷെല്ലി ഒബ്‌റോയ് ട്വീറ്റ് ചെയ്തത്. തികച്ചും ഞെട്ടിപ്പിക്കുന്നതും അംഗീകരിക്കാനാവാത്തതുമായ സംഭവമെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ പ്രതികരണം. എന്നാല്‍ മേയറെ ആക്രമിച്ചിട്ടില്ലെന്നും പ്രശ്നം പരിഹരിക്കാന്‍ സംസാരിക്കാനാണ് ശ്രമിച്ചതെന്നും ബി.ജെ.പി കൌണ്‍സിലര്‍ ശിഖ റായ് പറഞ്ഞു. എം.സി.ഡി ഹൗസിന് പുറത്ത് ബഹളം വെച്ചതിന് ആം ആദ്മി എം.എൽ.എ കുൽദീപ് കുമാറിനെയും മറ്റ് കൗൺസിലർമാരെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ആറംഗ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെയാണ് എ.എ.പി-ബി.ജെ.പി കൗൺസിലർമാർ ഏറ്റുമുട്ടിയത്. വോട്ടെടുപ്പിനിടെ ചില അംഗങ്ങൾ മൊബൈൽ ഫോണ്‍ കൈവശം വച്ചെന്ന ബി.ജെ.പിയുടെ ആരോപണമാണ് സംഘര്‍ഷത്തിലെത്തിയത്. വോട്ടെടുപ്പ് നിര്‍ത്തിവെയ്ക്കണമെന്ന് ബി.ജെ.പി കൌണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്നുതന്നെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന തീരുമാനത്തില്‍ മേയര്‍ ഉറച്ചുനിന്നു.
കഴിഞ്ഞ 15 വര്‍ഷം ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരിച്ച ബി.ജെ.പിയില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി അധികാരം പിടിച്ചെടുക്കുകയായിരുന്നു. എ.എ.പി - ബി.ജെ.പി തര്‍ക്കത്തെ തുടര്‍ന്ന് പലതവണ മാറ്റിവെച്ച മേയര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസമാണ് നടന്നത്. 274 അംഗ കോര്‍പ്പറേഷനില്‍ 150 വോട്ട് നേടിയാണ് ഷെല്ലി ഒബ്‌റോയ് മേയറായത്.
Summary- The new Delhi Mayor Shelly Oberoi alleged that she was attacked by BJP councillors while conducting standing committee election
Adjust Story Font
16