'എന്റെ തല മറയ്ക്കാമെങ്കിൽ മുസ്‌ലിം വനിതക്ക് എന്തുകൊണ്ട് പറ്റില്ല'; സുപ്രിംകോടതിയിൽ ഹരജിയുമായി സിഖ് വനിത
ഹിജാബ് കേസിലെ 23 ഹരജിക്കാരിൽ ചരൺജീത് കൗർ മാത്രമാണ് അമുസ്‌ലിം
കർണാടകയിലെ പി.യു കോളേജുകളിലെ ഹിജാബ് നിരോധനത്തെ തുടർന്ന് സുപ്രിംകോടതിയിൽ നടക്കുന്ന നിയമപോരാട്ടത്തിൽ പങ്കുചേർന്ന് സിഖ് വനിത. ഹരിയാന കൈതൽ സ്വദേശിയും ആശാ ഹെൽത്ത് വർക്കറുമായ ചരൺജീത് കൗറാണ് മുസ്‌ലിം സ്ത്രീകളുടെ ഹിജാബ് അവകാശത്തിനായി കോടതിയിലെത്തിയത്. കേസിലെ 23 ഹരജിക്കാരിൽ ഇവർ മാത്രമാണ് അമുസ്‌ലിം.
'ഇന്നവർ ഹിജാബി പെൺകുട്ടികളെയാണ് ആക്രമിക്കുന്നത്. പക്ഷേ ഞാൻ ദസ്തർ (ടർബൻ) ധരിക്കുന്നയാളാണ്. ഇതെന്നെ ബാധിക്കില്ലെന്ന് എനിക്ക് ചിന്തിക്കാനാകില്ല. ഹിജാബണിയുന്നവർക്ക് ഇക്കാര്യം സംഭവിക്കുമെങ്കിൽ നമുക്ക് ഇത് ബാധിക്കുേെമന്നേ കരുതാനാകൂ... മറ്റുള്ളവരുടെ വീട്ടിലെ തീ നമ്മുടെ വീട്ടിലുമെത്തിയേക്കും' 46കാരിയായ കൗർ ദി ക്വിൻറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഈ ടർബൻ എന്റെ ജീവിതത്തിലെ സുപ്രധാന ഭാഗമാണ്. ഞാൻ ജീവിച്ചിരിക്കുവോളം അതങ്ങനെ തന്നെ തുടരും. ആരും എന്നെ തടയുകയോ ചോദ്യം ചെയ്യുകയോ ചെയ്യില്ല. തടഞ്ഞാൽ അവരുടെ തലയ്ക്ക് ഞാൻ പിടിക്കും. എന്റെ തലപ്പാവിനെ ആരും ചോദ്യം ചെയ്യുന്നത് പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്തുകൊണ്ടാണ് മുസ്‌ലിം പെൺകുട്ടികളെ ഹിജാബ് ധരിക്കുന്നതിൽ നിന്ന് തടയുന്നത്. അവരുടെ ഹിജാബ് സമൂഹത്തിന്റെ ഐക്യത്തെ ബാധിക്കുമെന്നാണ് ചിലർ പറയുന്നത്. എന്നാൽ അവർ അവരുടെ ഇഷ്ടാനുസരണം വസ്ത്രം ധരിക്കുന്നു, സ്വന്തം കാര്യം നോക്കുന്നു, എങ്ങനെയാണിത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുക?' കൗർ ചോദിച്ചു.
'നമ്മുടെ ഹിന്ദു സഹോദരിമാരും ചില ജോലികൾ ചെയ്യുമ്പോഴും ക്ഷേത്രത്തിൽ പോകുമ്പോഴും തല മറയ്ക്കാറുണ്ട്. നെറുകിൽ സിന്ദൂരവും ചാർത്തുന്നു. പക്ഷേ എന്തിനാണിത് ചെയ്യുന്നതെന്ത് ഞങ്ങളാരും ചോദിക്കാറില്ല. നമ്മുടെ ഐക്യം തകരും, ഇത് ഒഴിവാക്കുവെന്നും പറയാറില്ല' കൗർ ഹിജാബ് വിലക്കിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി. തല മറയ്ക്കുന്ന രീതി ഇസ്‌ലാമിൽ മാത്രമല്ലെന്നും ഇന്ത്യൻ പാരമ്പര്യത്തിലുമുണ്ടെന്നും അവർ വ്യക്തമാക്കി. ഹിജാബ് നിരോധനം നൂറ്റാണ്ടുകളിലേറെയായുള്ള ഇന്ത്യൻ പാരമ്പര്യത്തിന് കളങ്കമാണെന്നും പറഞ്ഞു. ഭർത്താവ് സത്‌നം സിംഗടക്കമുള്ള കുടുംബാംഗങ്ങൾ ചരൺജീത് കൗറിന് നല്ല പിന്തുണയാണ് നൽകുന്നത്.
പോരാട്ടത്തിനിറക്കിയത് മുസ്‌കാന്റെ വീഡിയോ
ഹിജാബ് ധരിച്ച പെൺകുട്ടി സ്‌കൂളിലെത്തിയപ്പോൾ ഒരു കൂട്ടം ആൺകുട്ടികൾ തടയുന്നതും 'ജയ് ശ്രീരാം' വിളിക്കുന്നതും തുടർന്ന് പെൺകുട്ടി 'അല്ലാഹു അക്ബർ' എന്ന് പറയുന്നതുമായുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കർണാടക മംഗലാപുരത്ത് നിന്നുള്ള മുസ്‌കാൻ എന്ന പെൺകുട്ടിയുടെ ഈ വീഡിയോ കണ്ടതാണ് തന്നെ നിയമപോരാട്ടത്തിനിറക്കിയതെന്നാണ് കൗർ പറയുന്നത്. ഹിജാബ് കേസിൽ സെപ്തംബർ 22 ഓടെ സുപ്രിംകോടതി വാദം കേൾക്കൽ പൂർത്തിയാക്കിയിരിക്കുകയാണ്. 10 ദിവസമാണ് വാദം കേൾക്കൽ നടന്നിരുന്നത്.
Sikh woman Charanjeet Kaur joins Supreme Court legal battle against hijab ban
Adjust Story Font
16