Quantcast

'മോദി പതിവു നുണയൻ'; 2009ലെ പ്രൊജക്ട് ചീറ്റ കത്തുമായി കോൺഗ്രസ്

രണ്ടാം യുപിഎ സർക്കാറിൽ വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രതിനിധിക്ക് 2009 ഒക്ടോബറിൽ എഴുതിയ കത്താണ് പുറത്തുവിട്ടത്.

MediaOne Logo

Web Desk

  • Published:

    18 Sep 2022 2:34 PM GMT

മോദി പതിവു നുണയൻ; 2009ലെ പ്രൊജക്ട് ചീറ്റ കത്തുമായി കോൺഗ്രസ്
X

ന്യൂഡൽഹി: ഇന്ത്യയിൽ ചീറ്റപ്പുലികൾ ഇല്ലാതായതിന് ശേഷം അവയെ വീണ്ടുമെത്തിക്കാൻ പതിറ്റാണ്ടുകളായി അർഥവത്തായ ഒരു ശ്രമവും നടന്നിട്ടില്ലെന്ന മോദിയുടെ പ്രസ്താവനക്ക് മറുപടിയുമായി കോൺഗ്രസ്. 2009ൽ തന്നെ പ്രൊജക്ട് ചീറ്റക്ക് വേണ്ടിയുള്ള പ്രാരംഭനടപടികൾ ആരംഭിച്ചതായി വ്യക്തമാക്കുന്ന കത്ത് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു.

''2009ൽ പ്രൊജക്ട് ചീറ്റ ആരംഭിച്ചതായി വ്യക്തമാക്കുന്ന കത്താണിത്. നമ്മുടെ പ്രധാനമന്ത്രി ഒരു സ്ഥിരം നുണയനാണ്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലായതിനാൽ ഇന്നലെ ഈ കത്ത് തിരയാൻ എനിക്ക് സമയം കിട്ടിയില്ല''-എന്ന കുറിപ്പോടെയാണ് ജയറാം രമേശ് കത്ത് പുറത്തുവിട്ടത്.

രണ്ടാം യുപിഎ സർക്കാറിൽ വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രതിനിധിക്ക് 2009 ഒക്ടോബറിൽ എഴുതിയ കത്താണ് പുറത്തുവിട്ടത്. ചീറ്റകളെ വീണ്ടും ഇന്ത്യയിലെത്തിക്കാനുള്ള യുപിഎ സർക്കാരിന്റെ പദ്ധതി 2012-ൽ സുപ്രീംകോടതി തടഞ്ഞിരുന്നു. ആഫ്രിക്കൻ ചീറ്റകളെ ഇന്ത്യയിലെത്തിച്ച് ചീറ്റകളുടെ പുനരുജ്ജീവനം നടത്തുന്നത് അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്റെ (ഐയുസിഎൻ) മാർഗനിർദേശങ്ങൾക്കെതിരാണെന്നുള്ള പരിസ്ഥിതിപ്രവർത്തകരുടെ വാദത്തെ തുടർന്നായിരുന്നു ഇത്.

2017-ൽ ദേശീയ കടുവ സംരക്ഷണ സമിതി കോടതിയിൽ വീണ്ടും ചീറ്റകളെ എത്തിക്കാനുള്ള അനുമതി തേടി അപേക്ഷ സമർപ്പിച്ചു. ചീറ്റകളെ എത്തിക്കാൻ ഐയുസിഎൻ അനുവദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. വിശദമായ പഠനത്തിന് ശേഷം ചീറ്റകളെ വീണ്ടും ഇന്ത്യയിലെത്തിക്കാൻ കോടതി അനുമതി നൽകുകയും ചെയ്തു. അതിനെ തുടർന്നാണ് സെപ്റ്റംബർ 17-ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ പ്രധാനമന്ത്രിയാണ് ചീറ്റകളെ തുറന്നുവിട്ടത്.

TAGS :

Next Story