Quantcast

തിരുപ്പതി ക്ഷേത്രത്തിലേക്ക് 1 കോടി സംഭാവന നല്‍കി ചെന്നൈയിലെ മുസ്‍ലിം ദമ്പതികള്‍

ചെന്നൈ സ്വദേശികളായ സുബീന ബാനുവും ഭര്‍ത്താവ് അബ്ദുള്‍ ഗനിയുമാണ് 1.02 കോടി രൂപ ക്ഷേത്രത്തിലേക്ക് സംഭാവന നല്‍കിയത്

MediaOne Logo

Web Desk

  • Published:

    22 Sep 2022 3:17 AM GMT

തിരുപ്പതി ക്ഷേത്രത്തിലേക്ക് 1 കോടി സംഭാവന നല്‍കി ചെന്നൈയിലെ മുസ്‍ലിം ദമ്പതികള്‍
X

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി തമിഴ്‌നാട്ടില്‍നിന്നുള്ള മുസ്‍ലിം ദമ്പതികള്‍. ചെന്നൈ സ്വദേശികളായ സുബീന ബാനുവും ഭര്‍ത്താവ് അബ്ദുള്‍ ഗനിയുമാണ് 1.02 കോടി രൂപ ക്ഷേത്രത്തിലേക്ക് സംഭാവന നല്‍കിയത്.

പുതുതായി നിർമിച്ച പത്മാവതി റെസ്റ്റ് ഹൗസിന് 87 ലക്ഷം രൂപയുടെ ഫർണിച്ചറുകളും പാത്രങ്ങളും സൗജന്യ ഭക്ഷണം നൽകുന്ന ശ്രീ വെങ്കിടേശ്വര അന്നപ്രസാദം ട്രസ്റ്റിന് 15 ലക്ഷം രൂപയുടെ ഡിഡിയുമാണ് ദമ്പതികള്‍ നല്‍കിയത്. തിരുമല ക്ഷേത്രത്തിലെ രംഗനായകുല മണ്ഡപത്തിൽ വച്ച് ടിടിഡി എക്‌സിക്യൂട്ടീവ് ഓഫീസർ (ഇഒ) എ വി ധർമ്മ റെഡ്ഡിക്ക് ഡിഡി കൈമാറി. സംഭാവന ഏറ്റുവാങ്ങിയ എ.വി റെഡ്ഡി ദമ്പതികള്‍ക്ക് നന്ദി അറിയിച്ചു.

ഇതാദ്യമായിട്ടല്ല അബ്ദുള്‍ ഗനി ബാലാജി ക്ഷേത്രത്തിലേക്ക് സംഭവാന നല്‍കുന്നത്. 2020 ല്‍ കോവിഡ് മഹാമാരിക്കിടെ ക്ഷേത്രത്തിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇദ്ദേഹം സ്‌പ്രേയര്‍ ഘടിപ്പിച്ച ട്രാക്ടര്‍ കൈമാറിയിരുന്നു.പച്ചക്കറി കൊണ്ടുപോകുന്നതിനായി 35 ലക്ഷം രൂപയുടെ റഫ്രിജറേറ്റർ ട്രക്ക് അദ്ദേഹം നേരത്തെ ക്ഷേത്രത്തിന് നൽകിയിരുന്നു.

ഈയിടെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി തിരുപ്പതി ക്ഷേത്രത്തിലേക്ക് 1.5 കോടി രൂപ സംഭാവന നല്‍കുമെന്ന് അറിയിച്ചിരുന്നു. അംബാനിക്കൊപ്പം മകൻ ആനന്ദിന്‍റെ പ്രതിശ്രുത വധു രാധിക മർച്ചന്‍റ്, റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് ഡയറക്ടർ മനോജ് മോദി എന്നിവരും ഉണ്ടായിരുന്നു.

TAGS :

Next Story