Quantcast

പൊതുപരിപാടിക്കിടെ പൊലീസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; രണ്ട് ഡിഎംകെ പ്രവർത്തകർ അറസ്റ്റിൽ

ഡിസംബർ 31ന് നടന്ന ഡിഎംകെ പൊതുപരിപാടിക്കിടെയായിരുന്നു സംഭവം.

MediaOne Logo

Web Desk

  • Published:

    4 Jan 2023 10:52 AM GMT

പൊതുപരിപാടിക്കിടെ പൊലീസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; രണ്ട് ഡിഎംകെ പ്രവർത്തകർ അറസ്റ്റിൽ
X

ചെന്നൈ: പൊതുപരിപാടിക്കിടെ വനിതാ പൊലീസ് കോൺസ്റ്റബിളിന് നേരെ ലൈം​ഗികാതിക്രമം നടത്തിയ സംഭവത്തിൽ രണ്ട് ഡിഎംകെ പ്രവർത്തകർ അറസ്റ്റിൽ. ഡിഎംകെ യുവജന വിഭാ​ഗം പ്രവർത്തകരായ ചെന്നൈ വലസരവക്കം സ്വദേശികളായ പ്രവീൺ, എക്കാംബരം എന്നിവരാണ് അറസ്റ്റിലായത്.

ഡിസംബർ 31ന് വിരു​ഗമ്പാക്കത്ത് നടന്ന ഡിഎംകെ പൊതുപരിപാടിക്കിടെയായിരുന്നു സംഭവമെന്ന് വനിതാ പൊലീസ് കോൺസ്റ്റബിളിന്റെ പരാതിയിൽ പറയുന്നു. പിറ്റേദിവസം പൊലീസുകാരി വലസരവക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

പരാതിയിൽ, ഇവർക്കെതിരെ ഐപിസി 353 (ജോലിക്കിടെ പൊതുപ്രവർത്തകർക്കെതിരായ ആക്രമണം, കൈയേറ്റം), 154 (സ്ത്രീത്വത്തെ അധിക്ഷേപിക്കുകയെന്ന ഉദ്ദേശത്തോടെ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണം, ബലപ്രയോ​ഗം), തമിഴ്നാട്- വനിതകൾക്കെതിരായ അതിക്രമം തടയൽ നിയമം- 1998ലെ ആർ/ഡബ്ല്യു 4 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

എം.പി കനിമൊഴി, ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യം, എം.എൽ.എ പ്രഭാകർ രാജ തുടങ്ങി നിരവധി ഡിഎംകെ നേതാക്കൾ പങ്കെടുത്ത യോ​ഗത്തിനിടെയായിരുന്നു സംഭവം.

അതേസമയം, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഡിഎംകെ യുവജന വിഭാ​ഗത്തിൽ നിന്ന് പ്രവീണിനെയും എക്കാംബരത്തെയും ഡിഎംകെ സസ്‌പെൻഡ് ചെയ്തു. എന്നാൽ ചൊവ്വാഴ്ച വനിതാ കോൺസ്റ്റബിൾ പരാതി പിൻവലിച്ചു.

TAGS :

Next Story