Quantcast

ദുരിതം വിതച്ച് പെരുമഴ; വെള്ളത്തില്‍ മുങ്ങി ചെന്നൈ നഗരം

ചെന്നൈ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Published:

    8 Nov 2021 1:46 AM GMT

ദുരിതം വിതച്ച് പെരുമഴ; വെള്ളത്തില്‍ മുങ്ങി ചെന്നൈ നഗരം
X

തമിഴ്നാട്ടിൽ കനത്ത മഴയെ തുടർന്നുണ്ടായ ദുരിതം തുടരുന്നു. ചെന്നൈ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപ്പേട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. 24 മണിക്കൂറിനിടെ 41 ശതമാനം അധിക മഴയാണ് തമിഴ്നാട്ടിൽ ലഭിച്ചത്. ഇന്നും നാളെയും മഴ കനക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചെന്നൈ നഗരത്തിലെ വിവിധ പ്രദേശങ്ങൾ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സന്ദർശിച്ചു.

2015ന് ശേഷം നഗരത്തില്‍ പെയ്ത ശക്തമായ മഴയാണിത്. ചെന്നൈ ഉൾപ്പെടെ 12 ജില്ലകളെ മഴ ബാധിച്ചിട്ടുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ എല്ലാ മന്ത്രിമാരോടും ഡി.എം.കെ എം.പിമാരോടും എം.എൽ.എമാരോടും നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഞായറാഴ്ച പറഞ്ഞു. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ ഓവർടൈം പ്രവർത്തിക്കുന്നുണ്ടെന്നും ഞായറാഴ്ച ഉച്ച വരെ 44 പുനരധിവാസ കേന്ദ്രങ്ങളിലായി 50,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കനത്ത മഴയെത്തുടർന്ന് ഞായറാഴ്ച ഉച്ചയോടെ ചെമ്പരമ്പാക്കം ഡാം ഉൾപ്പെടെ നഗര മേഖലയിലെ മൂന്ന് പ്രധാന ഡാമുകളില്‍ നിന്ന് വെള്ളം തുറന്നുവിട്ടു. പൂണ്ടിയും റെഡ് ഹിൽസും ഞായറാഴ്ച വെള്ളം തുറന്നുവിട്ട മറ്റ് രണ്ട് റിസർവോയറുകളാണ്.അഡയാറിന്‍റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

TAGS :

Next Story