ഓടുന്ന ട്രെയിനിൽ മാരകായുധങ്ങളുമായി പ്രകടനം; മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ
യുവാക്കൾ അപകടകരമായി രീതിയിൽ ട്രെയിനിന്‍റെ വാതിലിൽ നിന്ന് ആയുധം വീശുന്നത് ദൃശ്യങ്ങളിൽ കാണാം
ചെന്നൈ: മൂർച്ചയേറിയ മാരകായുധങ്ങളുമായി ട്രെയിനിൽ പ്രകടനം നടത്തിയ മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ. തമിഴ്‌നാട് ഗുമ്മിഡിപൂണ്ടി സ്വദേശികളായ അൻബരസു, രവിചന്ദ്രൻ, പൊന്നേരി സ്വദേശി അരുൾ എന്നിവരാണ് അറസ്റ്റിലായത്. പ്രസിഡൻസി കോളേജിലെ വിദ്യാർഥികളാണ് മൂവരും. ഓടുന്ന ട്രെയിനിന്റെ ഫുട്ബോർഡിൽ വെട്ടുകത്തിയുമായി മൂന്ന് പേർ തൂങ്ങിക്കിടക്കുന്ന വീഡിയോ ദിവസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു.
ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തതെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) ചൊവ്വാഴ്ച ട്വിറ്ററിൽ അറിയിച്ചു. യുവാക്കളുടെ പ്രവൃത്തി യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചതായും റെയിൽവേ മാനേജർ അറിയിച്ചു. പ്രദേശത്തെ കോളേജ് വിദ്യാർഥികളുടെ ഭാഗത്ത് നിന്ന് നിരന്തരം ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.ഒക്ടോബർ 9നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
യുവാക്കൾ അപകടകരമായി രീതിയിൽ ട്രെയിനിന്‍റെ വാതിലിൽ നിന്ന് ആയുധം വീശുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിന് പുറമെ ഇവർ ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നതും ട്രെയിൻ കോച്ചിൽ വെട്ടുകത്തി കൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
'ട്രെയിനുകളിലോ റെയിൽവേ പരിസരങ്ങളിലോ ഇത്തരം മോശം പെരുമാറ്റങ്ങളും അപകടകരമായ സ്റ്റണ്ടുകളും പൊറുക്കില്ലെന്നും ഡിആർഎം പറഞ്ഞു. ഞങ്ങളുടെ യാത്രക്കാരുടെ സുരക്ഷയ്ക്കായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Adjust Story Font
16