കുഴി ഒഴിവാക്കുന്നതിനിടെ റോഡിൽ വീണു; ലോറി ദേഹത്തുകയറി സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
അപകടത്തിന് പിന്നാലെ ഒരു മണിക്കൂറിനുള്ളിൽ അധികൃതർ റോഡിലെ കുഴിയടക്കുകയും ചെയ്തു
ചെന്നൈ: കുഴി ഒഴിവാക്കുന്നതിനിടെ റോഡിൽ വീണ സ്‌കൂട്ടർ യാത്രക്കാരിയുടെ മുകളിലൂടെ ലോറി കയറിയിറങ്ങി. തമിഴ്‌നാട്ടിലെ മധുരവോയലിലാണ് അപകടം നടന്നത്. സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായ ശോഭന (22) ആണ് മരിച്ചത്. സഹോദരനൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടം നടന്നത്.
സഹോദരനെ നീറ്റ് കോച്ചിംഗ് ക്ലാസിനെത്തിക്കാനായി പോകുന്നതിനിടെ സ്‌കൂട്ടർ മറിഞ്ഞ് ഇരുവരും റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം അതുവഴി വന്ന ലോറി ശോഭനയുടെ ദേഹത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടം നടന്ന ഉടനെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ശോഭന സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സഹോദരൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ലോറി ഡ്രൈവർ മോഹനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
ശോഭനയുടെ മരണത്തിന് കാരണം മോശം റോഡുകളാണെന്ന് ശോഭന ജോലി ചെയ്യുന്ന സോഹോയുടെ സിഇഒ ശ്രീധർ വെമ്പു ട്വീറ്റിലൂടെ ആരോപിച്ചു. അപകടത്തിന് പിന്നാലെ ഒരു മണിക്കൂറിനുള്ളിൽ അധികൃതർ റോഡിലെ കുഴിയടക്കുകയും ചെയ്തു.
Adjust Story Font
16