ആദിവാസി അധ്യാപികയെ ബലാത്സംഗം ചെയ്തു; ബിജെപി എം.എൽ.എയുടെ മകൻ അറസ്റ്റിൽ
ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
റായ്പൂർ: ബലാത്സംഗക്കേസിൽ ഛത്തീസ്ഗഢിലെ ബിജെപി എം.എൽ.എയുടെ മകൻ അറസ്റ്റിൽ. പ്രതിപക്ഷ നേതാവ് കൂടിയായ നാരായൺ ചന്ദേലിന്റെ മകൻ പലാഷ് ചന്ദേൽ ആണ് അറസ്റ്റിലായത്. രണ്ട് മാസമായി ഒളിവിലായിരുന്ന ഇയാൾ വ്യാഴാഴ്ച രാത്രിയാണ് പിടിയിലായത്.
ആദിവാസിയായ അധ്യാപികയെ വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചു എന്ന കേസിലാണ് അറസ്റ്റ്. എന്നാൽ, ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയതിനാൽ 25,000 രൂപയുടെ ബോണ്ടിൽ പലാഷിനെ വിട്ടയച്ചെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ജഞ്ജ്ഗീർ-ചമ്പ ജില്ലാ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്ക് ഏപ്രിൽ നാലിനാണ് കോടതി മുൻകൂർ ജാമ്യം നൽകിയത്. അധ്യാപിക നൽകിയ പരാതിയിൽ ജനുവരി 19നാണ് റായ്പൂരിൽ ഇയാൾക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യുന്നത്.
വിവാഹ വാഗ്ദാനം നൽകി പലാഷ് തന്നെ വർഷങ്ങളോളം പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
പരാതിയിൽ ഐപിസി 376 (2-എൻ), 313 വകുപ്പുകളും എസ്.സി-എസ്.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. തുടർന്ന് കേസ് ജഞ്ജ്ഗീർ-ചമ്പ പൊലീസിന് കൈമാറുകയായിരുന്നു.
അതേസമയം, സംഭവത്തിൽ യുവതി സംസ്ഥാന വനിതാ കമ്മീഷനിലും പട്ടികജാതി- വർഗ കമ്മീഷനിലും പരാതി നൽകിയിരുന്നു. ജഞ്ജ്ഗീർ-ചമ്പ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് പലാഷിന്റെ പിതാവ് നാരായൺ ചന്ദേൽ.
Adjust Story Font
16