ഛത്തീസ്ഗഡിൽ അവസാനഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്
മിസോറാമിലും ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളിലും നവംബർ ഏഴിനാണ് ജനവിധി
റായ്പൂർ: ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. ഏഴ് സ്ഥാനാർഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതോടെ ഛത്തീസ്ഗഡിൽ എല്ലാ സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ഛത്തീസ്ഗഡിൽ ഒന്നാംഘട്ട വോട്ടെടുപ്പിനായി സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നലെ നടന്നിരുന്നു. മിസോറാമിലും ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളിലും നവംബർ ഏഴിനാണ് ജനവിധി. ഭരണം നിലനിർത്താൻ കോൺഗ്രസും തിരിച്ച് പിടിക്കാൻ ബിജെപിയും തമ്മിലുള്ള മത്സരമാണ് ഛത്തീസ്ഗഡിൽ നടക്കുന്നത്.
230 മണ്ഡലങ്ങൾ ഉള്ള മധ്യപ്രദേശിന് ഒപ്പമാണ് ഛത്തീസ്ഗഡിലെ ബാക്കിയുള്ള 70 മണ്ഡലങ്ങളിലും വോട്ടെടുപ്പ്. നവംബർ പതിനേഴിനാണ് ഇവിടങ്ങളിൽ വോട്ടെടുപ്പ്. ശക്തമായ ഭരണവിരുദ്ധ തരംഗമാണ് മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാൻ നേരിടുന്ന വെല്ലുവിളി. ഇത് അവസരമാക്കി മാറ്റാൻ ശ്രമിക്കുന്ന കോൺഗ്രസ് മൃദു ഹിന്ദുത്വ സമീപനമാണ് പ്രചരണ ആയുധമാക്കുന്നത്. പാർട്ടിക്കുള്ളിലെ വിമത ഭീഷണി പരിഹരിക്കാൻ ബിജെപി തീവ്ര ശ്രമം തുടരുകയാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ഈ മാസം 30 ആണ്. ഇതിനുള്ളിൽ വിമതരെ പിന്തിരിപ്പിക്കാനുള്ള മുഴുവൻ മാർഗങ്ങളും ബിജെപി പരിശോധിക്കും.
തുടർച്ചയായി മൂന്നു തവണ അധികാരത്തിലിരുന്ന ബിജെപിയെ അട്ടിമറിച്ചാണ് 2018ൽ കോൺഗ്രസ് ഛത്തീസ്ഗഡിൽ ഭരണത്തിലെത്തിയത്. 90 മണ്ഡലത്തിൽ 68 ഉം ജയിച്ചായിരുന്നു കോൺഗ്രസിന്റെ തേരോട്ടം. ഒന്നര ദശാബ്ദം ഭരിച്ച ബിജെപി 15 സീറ്റിലൊതുങ്ങി. വോട്ടിങ് ശതമാനത്തിൽ പത്തു ശതമാനത്തിന്റെ വ്യത്യാസമാണ് ഇരുകക്ഷികൾക്കുമുണ്ടായത്.
2018 ഒരിക്കൽ കൂടി ആവർത്തിക്കാനുള്ള ശ്രമങ്ങളിലാണ് ഇത്തവണ കോൺഗ്രസ്. തിരിച്ചുവരാനുള്ള യത്‌നങ്ങളിൽ ബിജെപിയും. മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ കരുത്തുറ്റ നേതൃത്വമാണ് കോൺഗ്രസിന്റെ ബലം. അതിന് പകരം വയ്ക്കാൻ മറ്റൊരു നേതാവില്ലെന്നത് ബിജെപിയുടെ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു. നവംബർ ഏഴ്, 17 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഛത്തീസ്ഗഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Adjust Story Font
16