Quantcast

'കരൾ അരിഞ്ഞ് നാല് തുണ്ടമാക്കി, ഹൃദയം ചൂഴ്‌ന്നെടുത്തു, കഴുത്ത് ഒടിഞ്ഞുതൂങ്ങിയ നിലയിൽ'-ചത്തിസ്ഗഢിൽ മാധ്യമപ്രവർത്തകന്റെ കൊലപാതകത്തിൽ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ബസ്തർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട 120 കോടിയുടെ കരാറിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നതിനു പിന്നാലെയായിരുന്നു മുകേഷ് ചന്ദ്രാക്കർ കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    6 Jan 2025 11:20 AM GMT

Chhattisgarh journalist Mukesh Chandrakars heart was ripped out, shows autopsy; accused arrested, Chhattisgarh journalist murder, Mukesh Chandrakar murder,
X

കൊല്ലപ്പെട്ട മുകേഷ് ചന്ദ്രാക്കര്‍

റായ്പൂർ: ചത്തിസ്ഗഢിൽ മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രാക്കർ കൊല്ലപ്പെട്ട സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ക്രൂരമായ കൊലപാതകമാണു നടന്നതെന്നു വ്യക്തമാക്കുന്ന റിപ്പോർട്ടാണു പുറത്തുവന്നിരിക്കുന്നത്. കരൾ തുണ്ടം തുണ്ടമാക്കി അരിയുകയും ഹൃദയം ചൂഴ്‌ന്നെടുക്കുകയും തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തതാണു വിവരം. സംഭവത്തിൽ മുഖ്യപ്രതിയായ കോൺട്രാക്ടർ സുരേഷ് ചന്ദ്രാക്കറിനെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം(എസ്‌ഐടി) ഹൈദരാബാദിൽനിന്ന് അറസ്റ്റ് ചെയ്തു.

കരൾ അരിഞ്ഞ് നാല് കഷണമാക്കുകയും ഹൃദയം ചൂഴ്‌ന്നെടുക്കുകയും ചെയ്തതായി പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. തലയുടെ വിവിധ ഭാഗങ്ങളിൽ 15ഓളം പൊട്ടലുണ്ട്. കഴുത്ത് ഒടിഞ്ഞുതൂങ്ങിയ നിലയിലുമായിരുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ കരിയറിൽ ഇത്രയും ക്രൂരമായൊരു കേസ് ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാർ വെളിപ്പെടുത്തിയത്.

ജനുവരി മൂന്നിനാണ് ചത്തിസ്ഗഢിലെ ബീജാപൂരിൽ സുരേഷിന്റെ വീട്ടിലെ ജലസംഭരണിയിൽ 28കാരനായ മുകേഷ് ചന്ദ്രാക്കറിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരു പ്രാദേശിക ചാനലില്‍ റിപ്പോർട്ടറായിരുന്നു യുവാവ്. ബസ്തറിലെ 120 കോടിയുടെ റോഡ് നിർമാണ പദ്ധതിയിലെ ക്രമക്കേടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ദിവസങ്ങൾക്ക് മുൻപ് പുറത്തുകൊണ്ടുവന്നിരുന്നു. അന്വേഷണാത്മക റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ കരാറിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ, കഴിഞ്ഞ ജനുവരി ഒന്നിന് മുകേഷിനെ കാണാതായി.

തുടര്‍ന്ന് സഹോദരൻ യുകേഷ് ചന്ദ്രാക്കർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് ബസ്തർ റോഡ് പ്രോജക്ടിന്റെ കരാറുകാരൻ സുരേഷ് ചന്ദ്രാക്കറിന്റെ വീട്ടിൽനിന്നു മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ സുരേഷ് ചന്ദ്രാക്കർ ഒളിവിലായിരുന്നു. ഇന്ന് ഹൈദരാബാദിൽ വച്ചാണു പ്രതിയെ പൊലീസ് എസ്‌ഐടി സംഘം പിടികൂടിയത്. കേസിൽ സുരേഷിന്റെ സഹോദരങ്ങളായ ദിനേഷ് ചന്ദ്രാക്കർ, റിതേഷ് ചന്ദ്രാക്കർ എന്നിവരും പിടിയിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Summary: Chhattisgarh journalist Mukesh Chandrakar's heart was ripped out, shows autopsy; accused arrested

TAGS :

Next Story