രാജ്യത്തെ ഭിന്നിപ്പിക്കുന്ന വിഷയങ്ങളിലല്ല, ഒന്നിപ്പിക്കുന്ന കാര്യങ്ങളിലാണ് ജനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കണ്ടത്: ജസ്റ്റിസ് എന്‍.വി രമണ
'രാഷ്ട്രീയ പാർട്ടികൾക്ക് ജുഡീഷ്യറിയിൽ ചില തെറ്റായ പ്രതീക്ഷകളുണ്ട്, എന്നാല്‍ ജുഡീഷ്യറിക്ക് കടപ്പാട് ഭരണഘടനയോട് മാത്രമാണ്'
സാന്‍ഫ്രാന്‍സിസ്കോ: രാജ്യത്തെ ഭിന്നിപ്പിക്കുന്ന വിഷയങ്ങളിലല്ല, ഒന്നിപ്പിക്കുന്ന വിഷയങ്ങളിലാണ് ജനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. സാൻഫ്രാൻസിസ്‌കോയിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻസ് സംഘടിപ്പിച്ച സ്വീകരണ ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് ഇങ്ങനെ പറഞ്ഞത്.
"എല്ലാവരെയും ഉള്‍ക്കൊള്ളുന്നത് സമൂഹത്തിന്‍റെ ഐക്യം ശക്തിപ്പെടുത്തുന്നു. അതാണ് സമാധാനത്തിന്റെയും പുരോഗതിയുടെയും താക്കോൽ. നമ്മളെ ഒന്നിപ്പിക്കുന്ന വിഷയങ്ങളിലാണ് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. നമ്മെ ഭിന്നിപ്പിക്കുന്നവയിലല്ല. 21-ാം നൂറ്റാണ്ടിൽ നിസ്സാരവും സങ്കുചിതവും ഭിന്നിപ്പിക്കുന്നതുമായ പ്രശ്നങ്ങൾ അനുവദിക്കാനാവില്ല. സാമൂഹിക ബന്ധങ്ങളിലും മനുഷ്യവികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഭിന്നിപ്പിക്കുന്ന എല്ലാ പ്രശ്‌നങ്ങൾക്കും മുകളിലായി നാം ഉയരേണ്ടതുണ്ട്. എല്ലാവരെയും ഉൾക്കൊള്ളാത്ത സമീപനം ദുരന്തത്തിലേക്കുള്ള ക്ഷണമാണ്"- ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.
നാട്ടിലെ ബന്ധുക്കളുടെ ജീവിതത്തെക്കുറിച്ച് ചീഫ് ജസ്റ്റിസ് രമണ സദസ്സിനെ ഓർമിപ്പിച്ചു- "ദയവായി ഓർക്കുക. നിങ്ങൾ എല്ലാവരും കോടീശ്വരന്മാരും ശതകോടീശ്വരന്മാരും ആയി മാറിയിരിക്കാം. നിങ്ങൾക്ക് നിങ്ങളുടെ സമ്പത്ത് ആസ്വദിക്കണമെങ്കിൽ, നിങ്ങൾക്ക് ചുറ്റും സമാധാനം വേണം. നിങ്ങളുടെ വീട്ടിലുള്ള മാതാപിതാക്കൾക്കും വെറുപ്പും അക്രമവും ഇല്ലാത്ത ഒരു സമൂഹത്തിൽ ജീവിക്കാൻ കഴിയണം".
ഇന്ത്യയും അമേരിക്കയും വൈവിധ്യത്തിന് പേരുകേട്ട രാജ്യങ്ങളാണ്. ലോകത്തെവിടെയും ഈ വൈവിധ്യം ബഹുമാനിക്കപ്പെടേണ്ടതും വിലമതിക്കപ്പെടേണ്ടതുമാണ്. വൈവിധ്യങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതുകൊണ്ടുമാത്രമാണ് അമേരിക്കയ്ക്ക് വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയുന്നതെന്നും ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾക്ക് ജുഡീഷ്യറിയിൽ ചില തെറ്റായ പ്രതീക്ഷകൾ ഉണ്ടെന്നും ജസ്റ്റിസ് രമണ പറഞ്ഞു- "സർക്കാരിന്‍റെ എല്ലാ നടപടികൾക്കും ജുഡീഷ്യൽ അംഗീകാരം ലഭിക്കുമെന്ന് അധികാരത്തിലുള്ള പാർട്ടി വിശ്വസിക്കുന്നു. ജുഡീഷ്യറി തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതിപക്ഷ പാർട്ടികൾ പ്രതീക്ഷിക്കുന്നു. ഭരണഘടനയെപ്പറ്റിയും ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ചും ജനങ്ങളുടെ ഇടയിലെ ശരിയായ ധാരണയുടെ അഭാവത്തിലാണ് ഈ വികലമായ ചിന്ത വളരുന്നത്. ഒരുകാര്യം ഞാന്‍ വ്യക്തമാക്കട്ടെ- ഞങ്ങള്‍ ഭരണഘടനയോട്, ഭരണഘടനയോട് മാത്രമാണ് ഉത്തരം പറയേണ്ടത്"- ജസ്റ്റിസ് രമണ വിശദീകരിച്ചു.
Adjust Story Font
16