Quantcast

അന്ന് അമ്മാവന് ചീഫ് ജസ്റ്റിസ് പദവി നിഷേധിച്ച് ഇന്ദിര ഗാന്ധി; 47 വർഷങ്ങൾക്കു ശേഷം അതേപദവിയിൽ അനന്തരവൻ

എഡിഎം ജബൽപുർ കേസിലെ ഭൂരിപക്ഷവിധിയിൽ വിയോജന വിധിയെഴുതിയ ഏക ജഡ്ജിയായിരുന്നു ജസ്റ്റിസ് എച്ച്. ആർ ഖന്ന

MediaOne Logo

Web Desk

  • Published:

    11 Nov 2024 10:56 AM GMT

അന്ന് അമ്മാവന് ചീഫ് ജസ്റ്റിസ് പദവി നിഷേധിച്ച് ഇന്ദിര ഗാന്ധി; 47 വർഷങ്ങൾക്കു ശേഷം അതേപദവിയിൽ അനന്തരവൻ
X

ന്യൂ‍ഡൽഹി: ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുമ്പോൾ അരനൂറ്റാണ്ടിന്റെ പഴക്കമുള്ള ചരിത്രം കൂടി അതിനൊപ്പം ഓർക്കണം. 47 വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ അമ്മാവനായ ജസ്റ്റിസ് ഹൻസ് രാജ് ഖന്നയ്ക്കു ചീഫ് ജസ്റ്റിസ് പദവി നിഷേധിക്കപ്പെട്ടിരുന്നു. അമ്മാവന് നിഷേധിക്കപ്പെട്ട ചീഫ് ജസ്റ്റിസ് പദവിയിലേക്കാണ് അനന്തരവൻ 47 വർഷങ്ങൾക്കു ശേഷമെത്തുന്നത്.

അന്യായമായി തടങ്കലിൽ വയ്ക്കുന്നതിനെതിരെ രാജ്യത്തെ പൗരനുള്ള അവകാശം സർക്കാരിന് റദ്ദു ചെയ്യാമെന്ന എഡിഎം ജബൽപുർ കേസിലെ ഭൂരിപക്ഷവിധിയിൽ വിയോജന വിധിയെഴുതിയ ഏക ജഡ്ജിയായിരുന്നു ജസ്റ്റിസ് എച്ച്. ആർ ഖന്ന. ചീഫ് ജസ്റ്റിസ് എ.എൻ റേ നേതൃത്വം നൽകിയ ബെഞ്ചിൽ ഡി.വൈ ചന്ദ്രചൂഡിന്റെ അച്ഛൻ വൈ.വി ചന്ദ്രചൂഡും ഉൾപ്പെട്ടിരുന്നു. വിയോജനക്കുറിപ്പെഴുതിയ ജസ്റ്റിസ് ഖന്നക്ക് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്.

അടിയന്തരാവസ്ഥയ്ക്കെതിരായ ആ വിധിയെഴുത്തിൽ അതൃപ്തയായ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധി, എച്ച്. ആർ ഖന്നയുടെ സീനിയോറിറ്റി മറികടന്ന് ജൂനിയറായ എം. എച്ച് ബെയ്​ഗിനെ ചീഫ് ജസ്റ്റിസാക്കി നിയമിച്ചു. തുടർന്ന് ജസ്റ്റിസ് എച്ച്. ആർ ഖന്ന രാജിവെക്കുകയായിരുന്നു.

രാജിവച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ജനതാ പാർട്ടിയുടെ അഭ്യർത്ഥന ജസ്റ്റിസ് ഹൻസ് രാജ് ഖന്നയ്ക്ക് ലഭിച്ചെങ്കിലും അദ്ദേഹം വിസമ്മതിച്ചു. 1977ലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി സർക്കാർ പരാജയപ്പെട്ടപ്പോൾ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന അന്വേഷണ സമിതിയുടെ തലവനായും അദ്ദേഹത്തെ ജനതാ പാർട്ടി സമീപിച്ചിരുന്നു. എന്നാൽ ആ ക്ഷണവും അദ്ദേഹം നിരസിച്ചു.

1979ൽ ചരൺ സിംഗ് സർക്കാർ അദ്ദേഹത്തെ കേന്ദ്ര നിയമമന്ത്രിയായി നിയമിച്ചെങ്കിലും മൂന്ന് ദിവസത്തിനുള്ളിൽ അദ്ദേഹം രാജിവച്ചു. 1982ൽ പ്രതിപക്ഷ പിന്തുണയോടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായെങ്കിലും സെയിൽ സിങ്ങിനോട് പരാജയപ്പെട്ടു. 1999ൽ ​അദ്ദേഹത്തിന് പത്മവിഭൂഷൺ ലഭിച്ചു. തുടർന്ന് 2008ൽ അദ്ദേഹം അന്തരിച്ചു.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിതാവ് ജസ്റ്റിസ് ദേവ് രാജ് ഖന്ന ഡൽഹി ഹൈക്കോടതിയിലെ ജഡ്ജിയും അമ്മ സരോജ് ഖന്ന പ്രൊഫസറുമായിരുന്നു. മകനെ ചാർട്ടേഡ് അക്കൗണ്ടന്റ് ആക്കണമെന്ന് ഇരുവരും ആ​ഗ്രഹിച്ചെങ്കിലും സഞ്ജീവ് ഖന്ന അമ്മാവന്റെ പാതയായിരുന്നു പിന്തുടർന്നത്. തൻ്റെ അമ്മാവനെ ഒരു വിഗ്രഹമായി കണക്കാക്കുകയും അദ്ദേഹത്തിന്റെ പ്രവർത്തികൾ ശ്രദ്ധയോടെ പിന്തുടരുകയും ചെയ്തു.

ചീഫ് ജസ്റ്റിസ് പദവിയിൽ ആറു മാസമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കാലാവധിയുള്ളത്. 2025 മെയ് 13 വരെ ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിൽ തുടരും. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടി ശരിവെക്കൽ, കേന്ദ്ര സർക്കാരിന്റെ തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി റദ്ദാക്കൽ തുടങ്ങിയവ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉൾപ്പെട്ട ബെഞ്ചിന്റെ സുപ്രധാന വിധികളാണ്. മദ്യനയക്കേസിൽ കെജരിവാളിന് ജാമ്യം അനുവദിച്ചതും ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ചായിരുന്നു.

സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ബിരുദം നേടിയ സഞ്ജീവ് ഖന്ന ഡൽഹി യൂണിവേഴ്‌സിറ്റി ലോ സെന്ററിൽ നിന്നാണ് നിയമബിരുദം കരസ്ഥമാക്കിയത്. 1983ൽ ഡൽഹി ബാർ കൗൺസിലിന് കീഴിൽ അഭിഭാഷകനായി തുടക്കം കുറിച്ചു. 2005 ജൂണിൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2006ൽ ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ജഡ്ജിയായി എത്തിയത്. സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസാണ് സഞ്ജീവ് ഖന്ന.

TAGS :

Next Story