കുട്ടികളില്ലാത്ത യുവാവ് പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; പൊലീസിനെ തിരികെ ഏല്‍പ്പിച്ച് ഭാര്യ
തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ യുവാവിന്‍റെ ഭാര്യ പൊലീസിനെ ഏല്‍പിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
പ്രതീകാത്മക ചിത്രം
ഡല്‍ഹി: 11 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസില്‍ 39കാരന്‍ അറസ്റ്റില്‍. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂർ പ്രദേശത്താണ് സംഭവം. തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ യുവാവിന്‍റെ ഭാര്യ പൊലീസിനെ ഏല്‍പിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നവീന്‍ മിശ്ര എന്ന യുവാവാണ് അറസ്റ്റിലായത്. തനിക്ക് കുട്ടികളില്ലാത്തതുകൊണ്ടാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് നവീന്‍ പൊലീസിനോട് പറഞ്ഞു. നോയിഡയിലെ ഒരു അക്കൗണ്ട്‌സ് ഡിപ്പാർട്ട്‌മെന്‍റിലെ സ്റ്റോറിലെ ജീവനക്കാരനാണ് നവീന്‍. ജെയ്ത്പൂരിൽ ബ്യൂട്ടി പാർലർ നടത്തുന്ന സ്ത്രീയുടെ കുട്ടിയെയാണ് ബുധനാഴ്ച നവീന്‍ തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. മകൻ കരയാൻ തുടങ്ങിയപ്പോള്‍ എട്ട് വയസുള്ള മകളോട് അവനെ പാർലറിന് പുറത്ത് കൊണ്ടുപോകാൻ ആവശ്യപ്പെട്ടുവെന്ന് അമ്മ പറയുന്നു.കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒരാള്‍ കുഞ്ഞിനെ മോട്ടോര്‍സൈക്കിളില്‍ കൊണ്ടുപോയതായി മകള്‍ അമ്മയെ അറിയിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോള്‍ മോട്ടോര്‍ സൈക്കിള്‍ കണ്ടെത്തി. രജിസ്‌ട്രേഷൻ നമ്പർ പരിശോധിച്ചപ്പോൾ ഒരു സ്ത്രീയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മനസിലായി. പ്രതിക്കുവേണ്ടിയുള്ള തിരച്ചിലിനിടെ വ്യാഴാഴ്ച രാവിലെ 10:40 ഓടെ, മിശ്രയുടെ ഭാര്യ - കുട്ടിയെ കൈമാറാൻ പോലീസ് സ്റ്റേഷനിൽ എത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു.പൊലീസ് യുവതിയെ ചോദ്യം ചെയ്യുകയും പിന്നീട് മിശ്രയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ, തനിക്ക് കുട്ടികളില്ലാത്തതിനാലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
Adjust Story Font
16