Quantcast

അരുണാചലിൽ 17-കാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി

പ്രധാനമന്ത്രി ഇതൊന്നും ശ്രദ്ധിക്കുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ മൌനം സൂചിപ്പിക്കുന്നതെന്ന് രാഹുൽ ഗാന്ധി

MediaOne Logo

Web Desk

  • Published:

    20 Jan 2022 6:20 AM GMT

അരുണാചലിൽ 17-കാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി
X

അരുണാചൽ പ്രദേശിലെ ലുങ്ത ജോർ മേഖലയിലെ ഒരു ഗ്രാമത്തിൽ നിന്ന് 17-കാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി. ചൊവ്വാഴ്ച ഇവിടെ നിന്ന് കാണാതായ മിറാം തരൊൺ എന്ന കൗമാരക്കാരനെ ചൈനീസ് സൈന്യം കൊണ്ടുപോയതാണെന്ന് ബി.ജെ.പി എം.പി തപിർ ഗാവോ ആണ് ആദ്യം ആരോപിച്ചത്. ഇന്ത്യൻ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും ഇയാളെ വിട്ടുനൽകാൻ ഔദ്യോഗിക മാർഗങ്ങളിലൂടെ ചൈനീസ് സൈന്യത്തോട് ആവശ്യപ്പെട്ടുവെന്നും പ്രതിരോധ വൃത്തങ്ങളെ ഉദ്ധറിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ അതിർത്തിക്കുള്ളിൽ കടന്നാണ് അപ്പർ സിയാങ് ജില്ലയിലെ സിദോ എന്ന ഗ്രാമത്തിൽ നിന്ന് ചൈനീസ് സൈനികർ മിറാം തരൊണിനെ തട്ടിക്കൊണ്ടു പോയതെന്നും 2018-ൽ ചൈന ഇവിടെ 3-4 കിലോമീറ്റർ റോഡ് നിർമിച്ചിട്ടുണ്ടെന്നും തപിർ ഗാവോ ഇന്നലെ ആരോപിച്ചിരുന്നു. തരൊണിനൊപ്പമുണ്ടായിരുന്ന അയാളുടെ സുഹൃത്ത് ചൈനീസ് സൈനികർക്ക് പിടികൊടുക്കാതെ രക്ഷപ്പെട്ട് അധികൃതരെ വിവരമറിയിച്ചുവെന്നും ഗാവോ ട്വീറ്റ് ചെയ്തു. അരുണാചൽ പ്രദേശ് ഘടകം ബി.ജെ.പി പ്രസിഡണ്ടും എം.പിയുമാണ് ഗാവോ.

സിദോ ഗ്രാമക്കാരായ തരൊണും ഇയാളുടെ സുഹൃത്ത് ജോണി യൈയിങ്ങും വേട്ടയാടാൻ പോയപ്പോഴാണ് ചൈനീസ് സൈനികരുടെ പിടിയിലായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാങ്‌പ്രോ നദി (സിയാങ്, ബ്രഹ്‌മപുത്ര) ഇന്ത്യയിൽ പ്രവേശിക്കുന്ന ഭാഗത്തുവെച്ചാണ് സംഭവം.

റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് ഒരു ഇന്ത്യക്കാരനെ ചൈനീസ് സൈന്യം തട്ടിയെടുത്തിരിക്കുന്നതെന്നും, പ്രതീക്ഷ കൈവിടാതെ തരൊണിന്റെ കുടുംബത്തിനൊപ്പമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ മൗനം അദ്ദേഹം ഇതൊന്നും ശ്രദ്ധിക്കുന്നില്ല എന്നതിന്റെ തെളിവാണെന്നും രാഹുൽ ആരോപിച്ചു.

Summary: Chinese army abducted a 17-year-old from Indian territory, confirms Indian army

TAGS :

Next Story