അതിർത്തിയിലെ ചൈനീസ് പ്രകോപനം യുദ്ധത്തിനുള്ള തയ്യാറെടുപ്പ്: രാഹുൽ ഗാന്ധി
ചൈനയുടേത് കേവലം കടന്നുകയറ്റത്തിനുള്ള ശ്രമമല്ല
ജയ്പൂർ: അതിർത്തിയിലെ ചൈനീസ് പ്രകോപനം യുദ്ധത്തിനുള്ള തയ്യാറെടുപ്പെന്ന് രാഹുൽ ഗാന്ധി എം പി. ചൈനയുടേത് കേവലം കടന്നുകയറ്റത്തിനുള്ള ശ്രമമല്ല. ചൈന ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ച് കേന്ദ്രം ഒന്നും സംസാരിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
അതേസമയം, കോൺഗ്രസ് ഏകാധിപതികളുടെ പാർട്ടിയല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെ വിലകുറച്ച് കാണരുത്. ബിജെപിയെ കോൺഗ്രസ് അധികാരത്തിൽ നിന്ന് താഴെയിറക്കും. തന്റെ വാക്കുകൾ കുറിച്ച് വെച്ചോളൂവെന്ന മുന്നറിയിപ്പും രാഹുൽ ഗാന്ധി പറഞ്ഞു.ഭാരത് ജോഡോ യാത്ര ഹിന്ദി മേഖലകളിൽ വിജയിക്കില്ലെന്ന് ചിലർ പറഞ്ഞുവെന്നും എന്നാൽ ജനങ്ങൾ ഇത് തള്ളിയെന്നും രാഹുൽ പറഞ്ഞു.
മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഇപ്പോൾ രാജസ്ഥാനിലും വൻ ജനക്കൂട്ടമാണ് യാത്രയെ സ്വീകരിച്ചത്. കേരളത്തിലും കർണാടകത്തിലും ഭാരത് ജോഡോ യാത്ര മികച്ചതായി. പാർട്ടി ഭരണത്തിൽ ഇല്ലാത്ത മധ്യപ്രദേശിൽ ജനം യാത്രയ്ക്ക് വലിയ പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ തർക്കത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്, അക്കാര്യം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയോട് ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ചൈന ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ച് സർക്കാർ സംസാരിക്കുന്നില്ലെന്നും ലഡാക്കിലും അരുണാചലിലും ചൈന ചെയ്യുന്നത് കേന്ദ്രം കാണുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങൾ ബിജെപിക്കൊപ്പം ചേർന്ന് കോൺഗ്രസ് കാര്യക്ഷമമല്ലെന്ന് വരുത്തിത്തീർക്കാൻ പരിശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Adjust Story Font
16