Quantcast

മണിപ്പൂരിൽ പള്ളികളും വീടുകളും അഗ്നിക്കിരയാക്കപ്പെടുന്നു; ക്രിസ്ത്യൻ വേട്ട ആശങ്കാജനകം-ബംഗളൂരു രൂപതാ ആർച്ച് ബിഷപ്പ്

'ലോകപ്രശസ്ത ബോക്‌സർ മേരി കോമിന്റെ നാടാണിത്. അധികാരത്തിലുള്ള ബി.ജെ.പി സർക്കാർ ഹെൽപ്‌ലൈൻ നിർദേശങ്ങൾ പുറത്തിറക്കിയത് തന്നെ വിശ്വാസത്തിന്റെയും അനുഷ്ഠാനങ്ങളുടെയും പേരിൽ വേട്ടയാടപ്പെടുന്ന ജനങ്ങളുടെ ഭീതിതാവസ്ഥയുടെ ഗൗരവം വ്യക്തമാക്കുന്നു.'

MediaOne Logo

Web Desk

  • Updated:

    2023-05-05 16:44:06.0

Published:

5 May 2023 4:03 PM GMT

BishopPeterMachadoagainstChristianpersecutioninManipur, BishopcriticizesChristianpersecution, Manipurviolence
X

ഇംഫാൽ: മണിപ്പൂരിൽ നടക്കുന്നത് ക്രിസ്ത്യൻവേട്ടയാണെന്ന് ബംഗളൂരു രൂപതാ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ. പള്ളികളും ക്രിസ്ത്യൻ വീടുകളും അഗ്നിക്കിരയാക്കപ്പെട്ടിട്ടുണ്ടെന്നും അക്രമസംഭവങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

'41 ശതമാനം ക്രിസ്ത്യൻ ജനസംഖ്യയുള്ള, സമാധാനം നിറഞ്ഞ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ക്രിസ്ത്യൻവേട്ട ശക്തിയാർജിക്കുന്നത് ആശജങ്കാജനകമാണ്. 1974ൽ നിർമിച്ച മൂന്ന് പള്ളികളും ചില വീടുകളും അഗ്നിക്കിരയാക്കപ്പെട്ടതായി ഞങ്ങൾക്ക് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ജനങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്.'-ബിഷപ്പ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

'ഈ മേഖലയിൽ സേവനം ചെയ്തുകൊണ്ടിരിക്കുന്ന അച്ചന്മാരെ ഭീഷണിപ്പെടുത്തുന്നതായുള്ള വാർത്തകൾ ഇതിലേറെ ആശങ്കപ്പെടുത്തുന്നതാണ്. വലിയ ജനസംഖ്യയുണ്ടായിട്ടും ക്രിസ്ത്യൻ സമൂഹം അരക്ഷിതബോധത്തിലാണ് കഴിയുന്നതെന്നത് തീർത്തും ഉത്കണ്ഠാജനകമാണ്.'

ലോകപ്രശസ്തയായ ബോക്‌സർ മേരി കോമിന്റെ നാടാണിത്. അധികാരത്തിലുള്ള ബി.ജെ.പി സർക്കാർ ഹെൽപ്‌ലൈൻ നിർദേശങ്ങൾ പുറത്തിറക്കിയത് തന്നെ വിശ്വാസത്തിന്റെയും അനുഷ്ഠാനങ്ങളുടെയും പേരിൽ വേട്ടയാടപ്പെടുന്ന ജനങ്ങളുടെ ഭീതിതാവസ്ഥയുടെ ഗൗരവം വ്യക്തമാക്കുന്നുണ്ട്. 17ഓളം ക്രിസ്ത്യൻ പള്ളികൾ തകർക്കപ്പെടുകയോ മലിനമാക്കപ്പെടുകയോ ചെയ്തതായി റിപ്പോർട്ടുണ്ട്. നിരവധി പള്ളികൾ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്-പ്രസ്താവനയിൽ ബിഷപ്പ് ചൂണ്ടിക്കാട്ടി.

വിശ്വാസസ്വാതന്ത്ര്യം ഉറപ്പുവരുത്തൽ ഭരിക്കുന്ന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കർണാടക റീജ്യൻ കാത്തലിക് ബിഷപ്‌സ് കൗൺസിൽ, ആൾ കർണാടക യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം ഫോർ ഹ്യുമൻ റൈറ്റ്‌സ് തുടങ്ങിയ സംഘടനകളുടെ തലവനായ ബിഷപ്പ് പീറ്റർ മച്ചാഡോ ചൂണ്ടിക്കാട്ടി. അധികാരത്തിലിരിക്കുന്ന പാർട്ടിയിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് ജനങ്ങൾ. നല്ല ഭരണമുണ്ടാകുമെന്ന വിശ്വാസത്തിലാണ് ജനങ്ങളുള്ളതെന്നും പ്രസ്താവനയിൽ ബിഷപ്പ് കൂട്ടിച്ചേർത്തു.

Summary: The Metropolitan Archbishop of Bangalore, Peter Machado, expresses concern over christian persecution and church attack amid Manipur violence

TAGS :

Next Story