ഡൽഹി അന്ധേരിയ മോഡിലെ പള്ളി തകര്‍ത്ത സംഭവം; പാർലമെന്‍റില്‍ ഉന്നയിക്കുമെന്ന് യു.ഡി.എഫ് എം.പിമാർ
ആൻറോ ആൻറണി, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, എൻ.കെ പ്രേമചന്ദ്രൻ എന്നിവരടങ്ങിയ സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു.
ഡൽഹി അന്ധേരിയ മോഡിലെ പൊളിച്ചു നീക്കിയ ലിറ്റിൽ ഫ്ലവർ ദേവാലയം യു.ഡി.എഫ് എം.പിമാർ സന്ദർശിച്ചു. ആൻറോ ആൻറണി, ബെെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, എൻ.കെ പ്രേമചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.
പള്ളി തകര്‍ത്തത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നും എം.പിമാർ അഭിപ്രായപെട്ടു. യാതൊരു നിയമ പരിരക്ഷയും ഇല്ലാതെയാണ് ദേവാലയം പൊളിച്ചുമാറ്റിയതെന്ന് ആന്‍റോ ആൻറണി എം.പി പറഞ്ഞു. നിയമ നടപടിക്രമങ്ങൾ ഇല്ലാതെ പൊളിച്ചു മാറ്റിയത് അത്ഭുതപെടുത്തിയെന്നാണ് ബെന്നി ബഹനാന്‍ എം.പി അഭിപ്രായപ്പെട്ടത്.
കേവല നോട്ടീസ് ഇല്ലാതെ പൊളിച്ചുമാറ്റിയത് മതേതര രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. തലസ്ഥാന നഗരിയിലെ മലയാളികളുടെ പ്രാർത്ഥനാ കേന്ദ്രമാണ് ഇല്ലാതായതെന്ന് ഡീൻ കുര്യാക്കോസ് എം.പിയും വ്യക്തമാക്കി. വിഷയം അടിയന്തര പ്രമേയ നോട്ടീസിലൂടെ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും വിശ്വാസികൾക്ക് നീതി ലഭിക്കാന്‍, സാധ്യമായ എല്ലാ നടപടികളും പിന്തുണയുമായി മുന്നോട്ടുപോകുമെന്നും എം.പി മാർ അറിയിച്ചു.
അനധികൃത സ്ഥലത്ത് കൈയ്യേറി നിർമിച്ചുവെന്ന് ആരോപിച്ചാണ് ബ്ലോക്ക് ഡെവലപ്പ്മെന്റ് അധികൃതർ ഡൽഹി അന്ധേരിയാ മോഡിലെ സീറോ മലബാർ ലിറ്റിൽ ഫ്ലവർ കത്തോലിക്ക പള്ളി പൊളിച്ചു നീക്കിയത്. വിശ്വാസികളുടെ എതിർപ്പ് അവഗണിച്ചായിരുന്നു നടപടി. ഫരീദാബാദ് രൂപതയുടെ കീഴിലെ ഏറ്റവും വലിയ ഇടവകകളിലൊന്നായ അന്ധേരിയ മോഡിലുള്ള ചർച്ചിൽ 450ലേറെ കുടുംബങ്ങൾ വിശ്വാസികളായുണ്ട്.
Adjust Story Font
16