Quantcast

'സി.എ.എ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കു വിരുദ്ധം'-വിമര്‍ശനവുമായി ചീഫ് ജസ്റ്റിസിന്റെ മകന്‍, വൈറലായി പഴയ പ്രസംഗം

ശിവസേന ഉദ്ദവ് വിഭാഗം നേതാവും രാജ്യസഭാ അംഗവുമായ പ്രിയങ്ക ചതുർവേദി ഉൾപ്പെടെയുള്ളവർ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-03-25 15:57:52.0

Published:

25 March 2024 3:43 PM GMT

Old video of CJIs son Abhinav Chandrachud explaining unconstitutionality of CAA goes viral, Chief Justice, DY Chandrachud, DY Chandrachud son against CAA
X

അഭിനവ് ചന്ദ്രചൂഡ്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ മകന്റെ പ്രസംഗം. സി.എ.എ എന്തുകൊണ്ട് ഭരണഘടനാ വിരുദ്ധമാകുന്നുവെന്നു വിശദീകരിച്ച് അഭിഭാഷകനായ അഭിനവ് ചന്ദ്രചൂഡ് 2020ൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്കു തിരികൊളുത്തിയിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കു വിരുദ്ധമാണ് പൗരത്വ ഭേദഗതി നിയമമെന്നാണു പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഇന്ത്യയുടെ പൗരത്വ നിയമത്തിന്റെ ഉത്ഭവ പശ്ചാത്തലം വിവരിച്ചുകൊണ്ടാണ് അഭിനവ് പ്രസംഗം തുടങ്ങുന്നത്. ഇന്ത്യ വിഭജിക്കപ്പെട്ട ശേഷം രണ്ടു തരത്തിലുള്ള പലായനമാണ് പടിഞ്ഞാറൻ പാകിസ്താനിൽനിന്ന് ഇന്ത്യയിലേക്കുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1947ൽ വലിയ തോതിൽ ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലെത്തി. 1948ൽ പടിഞ്ഞാറൻ പാകിസ്താനിൽനിന്ന് മറ്റൊരു പലായനം നടന്നു. മുൻപ് പാകിസ്താനിലേക്കു പോയ ഇന്ത്യൻ മുസ്‌ലിംകളായിരുന്നു അത്. തങ്ങൾ കരുതിയതല്ല പാകിസ്താനെന്നു മനസിലാക്കി തിരിച്ചുവരികയായിരുന്നു അവർ. ഈ പലായനം ഇന്ത്യൻ ഭരണകൂടത്തിനു തലവേദനയായി. നേരത്തെ ഇന്ത്യ വിട്ട മുസ്‌ലിംകളുടെ സ്വത്തുക്കൾ ഹിന്ദുക്കൾക്കും സിഖുകാർക്കും നൽകിയിരുന്നു. കൃത്യമായി ഹിന്ദു, സിഖ് എന്നു വ്യക്തമാക്കിയില്ലെങ്കിലും നേരത്തെ ഇന്ത്യയിലെത്തിയവർക്ക് സ്വാഭാവികമായി പൗരത്വം നൽകുകയും 1948നുശേഷം എത്തുന്നവർക്ക് പ്രത്യേക പെർമിറ്റ് സംവിധാനം ഏർപ്പെടുത്തുകയുമാണ് അന്നു ചെയ്തതെന്നും അഭിനവ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

''ഇന്ത്യൻ മുസ്‌ലിംകളുടെ തിരിച്ചുവരവ് കുഴപ്പമുണ്ടാക്കുന്നുവെന്ന് അന്ന് സർദാർ വല്ലഭ്ഭായ് പട്ടേൽ നെഹ്‌റുവിനു കത്തെഴുതിയിരുന്നു. രാജ്യത്ത് വർഗീയത കത്തിനിൽക്കുന്ന സാഹചര്യമാണുള്ളത്. വൻ തോതിൽ അഭയാർഥികൾ ഇന്ത്യയിലെത്തുന്നുണ്ട്. ഒഴിവാക്കിപ്പോയ സ്വത്തുക്കൾ ഹിന്ദുക്കളിൽനിന്നും സിഖുകാരിൽനിന്നും മുസ്‌ലിംകൾക്കു തിരിച്ചുകൊടുത്താൽ ആർ.എസ്.എസ് പോലെയുള്ള സംഘടനകളുടെ വർഗീയ വിഷത്തിനു കൂടുതൽ സഹായം നൽകുകയായിരിക്കും ചെയ്യുകയെന്നും പട്ടേൽ നെഹ്‌റുവിന് എഴുതി.''

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കു വിരുദ്ധമാണ് പൗരത്വ ഭേദഗതി നിയമമെന്നും അതുകൊണ്ടുതന്നെ അത് ഭരണഘടനാ വിരുദ്ധവുമാണെന്നും അഭിനവ് ചന്ദ്രചൂഡ് പറഞ്ഞു. ''ചില വിഭാഗങ്ങളെ നിയമം മാറ്റിനിർത്തുന്നുണ്ട്. ജൂതന്മാരെ എന്തിനാണ് ഒഴിവാക്കിയതെന്നു മനസിലാകുന്നില്ല. ഇക്കാര്യം ഞാൻ സോഷ്യൽ മീഡിയയിൽ കുറിച്ചപ്പോൾ ജൂതന്മാർക്ക് ഇസ്രായേലുണ്ടെന്നായിരുന്നു ഒരാൾ പറഞ്ഞത്. ജൂതന്മാർക്ക് ഇസ്രായേലുണ്ടെങ്കിൽ ക്രിസ്ത്യാനികൾക്കും ബുദ്ധന്മാർക്കും അവരുടേതായ രാജ്യങ്ങളുണ്ട്. ഒരു രാജ്യവുമില്ലാത്ത ബഹായികളെയും ഒഴിവാക്കിയിട്ടുണ്ട്. ദൈവത്തിൽ വിശ്വാസമില്ലാത്ത യുക്തിവാദികളെയും നാസ്തികരെയും മാറ്റിനിർത്തി. പാകിസ്താനിലും ബംഗ്ലാദേശിലുമെല്ലാം ന്യൂനപക്ഷ വിഭാഗത്തിൽ പരിഗണിക്കാവുന്ന അഹ്‌മദിയാക്കളും ഹസാറകളൊന്നും ഇതിൽ ഇല്ല.

2014 ഡിസംബർ 31 എന്ന കാലാവധിയാണു മറ്റൊരു വിഷയം. അതിനുമുൻപ് ഇത്തരത്തിൽ മറ്റു രാജ്യങ്ങളിൽ പീഡനം അനുഭവിച്ചവർ 2015 ജനുവരിക്കുശേഷം ഇവിടെ വന്നാൽ അവർക്ക് സി.എ.എയ്ക്ക് അർഹതയുണ്ടാകില്ല. ആ നിയമത്തിന്റെ മാനുഷികമായ താൽപര്യത്തെ തന്നെ അട്ടിമറിക്കുന്നതാണ് ഈയൊരു മാനദണ്ഡം. ഇതോടൊപ്പം മതപരമല്ലാത്ത പീഡനങ്ങളെ ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ലിംഗപരവും വംശീയവുമായ വിവേചനങ്ങളുണ്ടാകും. അവർക്കൊന്നും ഈ നിയമപ്രകാരം പൗരത്വത്തിന് അർഹതയില്ല.''

ഇന്ത്യൻ പൗരത്വ നിയമത്തിൽ തന്നെ ചില കാതലായ പ്രശ്‌നങ്ങളുണ്ടെന്നും പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ജന്മനായുള്ള പൗരത്വം എന്ന തത്വം പരിഗണിക്കുന്നില്ല. 1987നുമുൻപ് ഇന്ത്യയിൽ ജനിച്ചവർ, അവരുടെ മാതാപിതാക്കൾ ആരായാലും അവർക്ക് പൗരത്വത്തിന് അർഹതയുണ്ട്. എന്നാൽ, 1987നുശേഷവും 2004നുമുൻപും ആണു ജനിച്ചതെങ്കിൽ ഇവിടെയാണു ജനിച്ചതെന്നും മാതാപിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യക്കാരാണെന്നും തെളിയിക്കണം.

2004 ഡിസംബറിനുശേഷമാണു ജനിച്ചതെങ്കിൽ ഇവിടെയാണു ജനിച്ചതെന്നു തെളിയിക്കണം. മാതാപിതാക്കളിൽ ഒരാൾ ഇന്ത്യക്കാരനാണെന്നും മറ്റെയാൾ അനധികൃത കുടിയേറ്റക്കാരനല്ലെന്നും തെളിയിക്കണം. ഇക്കാര്യത്തിൽ സ്വന്തം മാതാപിതാക്കളെക്കുറിച്ചൊന്നും ഒരു വിവരവുമില്ലാത്ത, ഉപേക്ഷിക്കപ്പെട്ട അനാഥകളുടെയും ഭിന്നലിംഗക്കാരുടെയുമെല്ലാം അവസ്ഥ എന്താകും? ഇനി അനധികൃത മാതാപിതാക്കളാണെങ്കിലും ഇന്ത്യയിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് ആ കുറ്റത്തിൽ ഉത്തരവാദിത്തമുണ്ടോ? അതിന്റെ പേരിൽ പൗരത്വം നിഷേധിക്കാമോയെന്നും അഡ്വ. അഭിനവ് ചന്ദ്രചൂഡ് ചോദിക്കുന്നു.

2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന ഒരു പരിപാടിയിൽ സംസാരിച്ചതിന്റെ ഭാഗങ്ങളാണ് ഇപ്പോൾ വീണ്ടും പുറത്തുവന്നത്. ശിവസേന ഉദ്ദവ് വിഭാഗം നേതാവും രാജ്യസഭാ അംഗവുമായ പ്രിയങ്ക ചതുർവേദി ഉൾപ്പെടെയുള്ളവർ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

Summary: 'Does not make sense': Old video of CJI's son Abhinav Chandrachud explaining unconstitutionality of CAA goes viral

TAGS :

Next Story