Quantcast

യുപിയിൽ ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ സംഘർഷം: ഒരാൾ കൊല്ലപ്പെട്ടു; വൻ പൊലീസ് സന്നാഹം

ബഹ്‌റൈച്ച് ജില്ലയിലെ ഹാർദി പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹ്‌സി തഹസിലിലാണ് സംഭവം.

MediaOne Logo

Web Desk

  • Updated:

    2024-10-14 13:25:00.0

Published:

14 Oct 2024 1:17 PM GMT

Bahraich clashes
X

ലക്‌നൗ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ദുർഗ്ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയുമായി ബന്ധപ്പെട്ടുണ്ടായ വര്‍ഗീയ സംഘർഷം രൂക്ഷമാകുന്നു. അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 22കാരനായ രാം ഗോപാല്‍ മിശ്രയാണ് കൊല്ലപ്പെട്ടത്.

ബഹ്‌റൈച്ച് ജില്ലയിലെ ഹാർദി പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹ്‌സി തഹസിലിലാണ് സംഭവം. ഞായറാഴ്ച നടന്ന ദുർഗ വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഘോഷയാത്രക്കിടെ ഡിജെ സംഗീതം വെച്ചതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം എന്ന നിലയലും മസ്ജിദ് സമീപത്തുള്ളതും കണക്കിലെടുത്താണ് ഉച്ചത്തില്‍ സംഗീതം വെക്കുന്നതിനെ പ്രദേശവാസികള്‍ എതിര്‍ത്തത്.

എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ ഘോഷയാത്രയ്ക്കെത്തിയവര്‍ തയ്യാറായില്ല. ഇത് രൂക്ഷമായ വാഗ്വാദത്തിലും തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള കല്ലേറിലും കലാശിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ വെടിവെപ്പിലാണ് മിശ്ര കൊല്ലപ്പെടുന്നത്.

അതേസമയം ഘോഷയാത്രയ്ക്കിടെ ഒരു കെട്ടിടത്തിൽ നിന്ന് പച്ച പതാക നീക്കം ചെയ്യുകയും പകരം കാവി പതാക വീശുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൊല്ലപ്പെട്ട മിശ്രയാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍, മിശ്രയുടെ കൊലപാതകത്തിലേക്ക് നയിച്ച വെടിവെപ്പിനെക്കുറിച്ച് പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നില്ല. കുറെ കാര്യങ്ങള്‍ ഇനിയും സ്ഥിരീകരിക്കാനുണ്ടെന്നാണ് ഹാര്‍ദി സ്റ്റേഷൻ ഹൗസ് ഓഫീസർ സുരേഷ് കുമാർ വർമ്മ പറയുന്നത്.

അതേസമയം മിശ്രയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും മെഡിക്കൽ കോളജിന് മുന്നിൽ മൃതദേഹവുമായി കുത്തിയിരിപ്പ് സമരം നടത്തി. അക്രമികളെ ശിക്ഷിക്കാതെ അന്ത്യകര്‍മങ്ങള്‍ ചെയ്യില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാരും ഇടപെട്ടാണ് ഇവരെ അനുനയിപ്പിച്ചത്.

പിന്നാലെ അക്രമാസക്തരായ പ്രതിഷേധക്കാര്‍ ഒരു വിഭാഗത്തിന്റെ വാഹനങ്ങള്‍ വ്യാപകമായി നശിപ്പിക്കുകയും വീടുകള്‍ക്ക് തീയിടുകയും ചെയ്തു. പ്രദേശത്തെ ആശുപത്രിയും തൊട്ടടുത്ത മരുന്ന് ഷോപ്പും അക്രമിസംഘം കത്തിച്ചു. അതേസമയം അക്രമം വ്യാപിക്കുന്നത് തടയാൻ ബഹ്‌റൈച്ചിലെ എല്ലാ അതിർത്തി പ്രദേശങ്ങളും അടച്ചിട്ടിരിക്കുകയാണ്. അക്രമികളെ കണ്ടെത്താന്‍ പ്രദേശത്ത് പൊലീസ് ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകാത്ത സാചഹര്യത്തില്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. വന്‍ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.

TAGS :

Next Story