ഹനുമാൻ ജയന്തി ദിനത്തിലും ഡൽഹിയിൽ സംഘർഷം;കല്ലേറിൽ നിരവധിപേർക്ക് പരിക്ക്
ക്രമസമാധാന നില പുനഃസ്ഥാപിച്ചതായി ഡൽഹി പൊലീസ്
ഡൽഹി: ഹനുമാൻ ജയന്തി ദിനത്തിൽ ഉണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ഉത്തർപ്രദേശ് പോലീസ്. രണ്ടു പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് ഇന്നലെ ഡൽഹി ജഹാംഗീർപുരിയിൽ നടന്ന അക്രമസംഭവങ്ങളിൽ പരിക്കേറ്റിരുന്നു. കലാപത്തിന് ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡൽഹി പൊലീസിന് നൽകിയ നിർദ്ദേശം.
വടക്കുകിഴക്കൻ ഡൽഹിയിലെ ജഹാംഗീർ പുരി മേഖലയിൽ ഇന്നലെയാണ് ഇരു മതവിഭാഗങ്ങളിലെ ജനങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ഹനുമാൻ ജയന്തി ദിനത്തിൽ നടന്ന സംഘർഷം സമീപ സംസ്ഥാനങ്ങളിലേക്കും പടർന്നേക്കുമോ എന്ന ആശങ്ക ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സംഘർഷ സാധ്യത പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാൻ നിർദ്ദേശിച്ചു കൊണ്ട് ഉത്തർപ്രദേശ് പൊലീസ് സർക്കുലർ പുറത്തിറക്കിയത്.
ഡൽഹിയുമായി അതിർത്തി പങ്കിടുന്ന ഉത്തർപ്രദേശ് ജില്ലാ ഭരണകൂടങ്ങൾക്കും ജാഗ്രതാ നിർദേശം ഉണ്ട്. ഇന്നലെ വൈകീട്ട് ജഹാംഗീർ പുരിയിൽ നടന്ന ഘോഷയാത്രയ്ക്ക് നേരെയാണ് കല്ലേറുണ്ടായതെന്ന് ഹിന്ദു സംഘടനകൾ ആരോപിക്കുന്നുണ്ട്. നിരവധി വാഹനങ്ങളും അക്രമസംഭവങ്ങളിൽ തകർന്നു. പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി പരിക്കേറ്റതോടെയാണ് കൂടുതൽ പോലീസിനെ അധികൃതർ പ്രദേശത്ത് വിന്യസിച്ചത്. ജനങ്ങൾ സംയമനം പാലിക്കണമെന്ന് അഭ്യർത്ഥിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, ഡൽഹിയിൽ ക്രമസമാധാനനില തകർന്നതിന്റെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെന്നും ആരോപിച്ചു. ഇതിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഡൽഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഫോണിൽ ചർച്ച നടത്തി. അക്രമികൾക്കെതിരെ കർശന നടപടി എടുക്കാനാണ് കേന്ദ്രസർക്കാർ പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം.
രാമനവമി ദിവസം മാത്രം രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ ആണ് വർഗീയ കലാപങ്ങൾ ഉണ്ടായത്. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ ആണ് സമീപ സംസ്ഥാനങ്ങളിലെ സർക്കാരുകൾ കൂടുതൽ ജാഗ്രത പുലർത്തുന്നത്.
Adjust Story Font
16