ആദ്യദിനം തന്നെ അടി; ജമ്മു കശ്മീരിലെ ആദ്യ നിയമസഭാ സമ്മേളനത്തിൽ സംഘർഷം
പിഡിപി എംഎൽഎ പ്രമേയമവതരിപ്പിക്കാൻ ശ്രമിച്ചതിനെതിരെ 28 ബിജെപി എംഎൽഎമാരും ഒരുമിച്ച് രംഗത്തുവരികയായിരുന്നു
ശ്രീനഗർ: ആറു വർഷത്തിന് ശേഷം ജമ്മു കശ്മീരിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ തന്നെ സംഘർഷം. ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപി എംഎൽഎ വഹീദ് പാര പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് സംഘർഷം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യവും പാര ഉയർത്തി.
പ്രമേയം ഉന്നയിക്കാൻ ശ്രമിച്ചതിന് പിന്നാലെ പ്രമേയം അനുവദിക്കരുതെന്ന് ബിജെപി ആവശ്യപ്പെടുകയായിരുന്നു, ഇതിന് പിന്നാലെയാണ് സഭയിൽ സംഘർഷമരങ്ങേറിയത്.
28 ബിജെപി എംഎൽഎമാരും പിഡിപി എംഎൽഎയുടെ നടപടിക്കെതിരെ അതിരൂക്ഷമായി രംഗത്തുവന്നു. ആദ്യദിനം തന്നെ ഇത്രയും പ്രാധാന്യമുള്ള കാര്യങ്ങൾ സഭയിൽ അവതരിപ്പിക്കാനാവില്ല അത് സ്പീക്കർ അംഗീകരിക്കരുത് എന്നായിരുന്നു പ്രതിപക്ഷനേതാവായ സുനിൽ ശർമ പറഞ്ഞത്.
പ്രമേയം അജൻഡയുടെ ഭാഗമല്ലെങ്കിലും അഞ്ച് ദിവസത്തെ സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. പ്രമേയത്തിന്റെ പകർപ്പ് താൻ കണ്ടിട്ടില്ല അവലോകനം ചെയ്തതിന് ശേഷം തീരുമാനം പറയാം എന്നും സ്പീക്കർ കൂട്ടിച്ചേർത്തു. എന്നാൽ ബിജെപി എംഎൽഎമാർ നിയമസഭയിൽ കോലാഹലം തുടരുകയായിരുന്നു. ഇതോടെ സഭ പ്രവർത്തിക്കാതിരിക്കാൻ ബിജെപി തീരുമാനിച്ചിട്ടുണ്ടെങ്കിൽ തനിക്ക് കൂടുതലൊന്നും പറയാനില്ലെന്ന് സ്പീക്കർ അബ്ദുൽ റഹീം റാത്തർ കൂട്ടിച്ചേർത്തു.
നിയമസഭാ ചട്ടങ്ങൾ ലംഘിച്ച് പ്രമേയം കൊണ്ടുവന്ന പാരയെ സസ്‌പെൻഡ് ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ആദ്യദിവസത്തെ സഭാനടപടികൾ താറുമാറായതോടെ ബിജെപി എംഎൽഎമാർക്കെതിരെ പ്രതിഷേധവുമായി നാഷണൽ കോൺഫറൻസ് എംഎൽഎമാർ രംഗത്തുവരികയായിരുന്നു.
ക്യാമറകൾക്ക് വേണ്ടിയുള്ള ഒരു പരിപാടിയാണ് നടന്നത് പ്രമേയത്തിന് പ്രാധാന്യമില്ല എന്നായിരുന്നു മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ പ്രതികരണം.
സഭ എന്താണ് ചർച്ച ചെയ്യേണ്ടതെന്ന് ഒരു അംഗത്തിനും തീരുമാനിക്കാനാവില്ല, എന്തെങ്കിലും ഉദ്ദേശ്യമുണ്ടെങ്കിൽ തങ്ങളുമായി മുമ്പ് തന്നെ ചർച്ച ചെയ്യണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രമേയം സമർപ്പിച്ചതിൽ വഹീദ് പാരയിൽ അഭിമാനമുണ്ടെന്നാണ് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി പ്രതികരിച്ചത്.
Adjust Story Font
16