യു.പിയിൽ പ്ലസ് ടു വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് മുഖത്ത് മൂത്രമൊഴിച്ച് യുവാക്കൾ
പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും തുടക്കത്തിൽ നടപടിയുണ്ടായില്ലെന്ന് പിതാവ് ആരോപിച്ചു.
ലഖ്നൗ: പ്ലസ് ടു വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ചും മുഖത്ത് മൂത്രമൊഴിച്ചും ഒരു സംഘം യുവാക്കൾ. ഉത്തർപ്രദേശിലെ മീററ്റിൽ നവംബർ 13നായിരുന്നു സംഭവം. എന്നാൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് പുറംലോകമറിയുന്നത്. സംഭവത്തിൽ ഏഴു പേർക്കെതിരെ കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജാക്കറ്റ് ധരിച്ച ഒരാൾ വിജനമായ സ്ഥലത്ത് വച്ച് വിദ്യാർഥിയെ മർദിക്കുമ്പോൾ മറ്റ് രണ്ട് കൂട്ടാളികൾ കാഴ്ചക്കാരായി നിൽക്കുന്നതും മറ്റൊരാൾ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്നതും വീഡിയോകളിലൊന്നിൽ കാണാം. മർദിക്കരുതെന്ന് അപേക്ഷിച്ച വിദ്യാർഥിയുടെ തലയിലും മുതുകിലും ഇയാൾ ആവർത്തിച്ച് അടിക്കുകയും ചെയ്തു. മറ്റൊരു വീഡിയോയിൽ വെള്ള ജാക്കറ്റ് ധരിച്ച ഒരാൾ വിദ്യാർഥിയുടെ മുഖത്ത് മൂത്രമൊഴിക്കുന്നതും കാണാം.
സംഘത്തിലെ അവി ശർമ, ആശിഷ് മാലിക്, രാജൻ, മോഹിത് താക്കൂർ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ ആഷിഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്. "വിദ്യാർഥിയെ ഒരു സംഘം ആക്രമിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തു. അവന്റെ പിതാവിന്റെ പരാതിയിൽ ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്യുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതൽ അന്വേഷണം നടക്കുന്നു"- മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ പിയൂഷ് സിങ് പറഞ്ഞു.
നഗരത്തിലെ ബന്ധുവീട്ടിൽ നിന്ന് മടങ്ങി വരുന്നതിനിടെയാണ് വിദ്യാർഥിയെ സംഘം തട്ടിക്കൊണ്ടുപോയതെന്ന് പിതാവ് പറഞ്ഞു. തുടർന്ന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. വിദ്യാർഥി വീട്ടിലെത്താത്തതിനെത്തുടർന്ന് രാത്രി മുഴുവൻ വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്ന് രാവിലെയോടെ വിദ്യാർഥി വീട്ടിലെത്തി സംഭവം വിവരിക്കുകയായിരുന്നു.
തുടർന്ന് വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ തുടക്കത്തിൽ നടപടിയുണ്ടായില്ലെന്ന് പിതാവ് ആരോപിച്ചു. നവംബർ 16ന് പരാതിയുമായി വീണ്ടും സ്റ്റേഷനിലെത്തി. അന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഒഴിവാക്കി നിസാര വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തതെന്നും കുടുംബം ആരോപിച്ചു.
ആക്രമിച്ചവരിൽ ചിലർ വിദ്യാർഥിയുടെ സുഹൃത്തുക്കളായിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാൽ അവർ തമ്മിൽ തർക്കമൊന്നും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. മുറിവേൽപ്പിക്കൽ, സമാധാന ലംഘനം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂർവം അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Adjust Story Font
16