ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; മഴക്കെടുതിയിൽ മരണം 40 ആയി
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പരക്കെ മഴയ്ക്ക് കാരണം.
ഉത്തരാഖണ്ഡ് മഴക്കെടുതിയിൽ മരണ സംഖ്യ 40 ആയി. അഞ്ച് പേർക്കായി തിരച്ചിൽ തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. നൈനിറ്റാളിലെ രാംഘട്ടിലുണ്ടായ മേഘവിസ്ഫോടനത്തിന് ശേഷം ശക്തമായ മഴയാണ് ഉത്തരാഖണ്ഡിൽ രേഖപ്പെടുത്തുന്നത്. മഴ ശക്തമാകുന്നതിനാൽ മരണസഖ്യ ഇനിയുമുയരാനാണ് സാധ്യത. നൈനിറ്റാളിൽ മാത്രം 25 പേരാണ് മരിച്ചത്.
നാനക് സാഗർ ഡാമിന്റെ എല്ലാ ഷട്ടറും തുറന്നിരിക്കുകയാണ്. കനത്തമഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടമാണ് ഉത്തരാഖണ്ഡിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പല റോഡുകളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. രാംനഗർ - റാണി കെട്ട് റൂട്ടിലെ ലെമൺ ട്രീ റിസോട്ടിൽ കുടുങ്ങിയ 100 പേരെ രക്ഷപ്പെടുത്തി. രുദ്രനാഥിൽ കുടുങ്ങിയ കൊൽക്കത്ത സ്വദേശികളായ പത്ത് പേരെയും രക്ഷപ്പെടുത്തി. പോലീസ്, എസ് ഡി ആർ എഫ്, എൻ ഡി ആർ എഫ് സംഘങ്ങളാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനത്തിനായി വ്യോമ സേനയും മൂന്ന് ഹെലികോപ്റ്ററുകളും രംഗത്തുണ്ട്..
ആയിരത്തോളം പേരെ ഉത്തരാഖണ്ഡിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് മാറ്റിപാർപ്പിച്ചു. ഉത്തരാഖണ്ഡിലെ സാഹചര്യം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിലയിരുത്തി. ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ 23 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പരക്കെ മഴയ്ക്ക് കാരണം.
മഴ 23 വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Adjust Story Font
16