Quantcast

ഒൻപത് വർഷത്തിന് ശേഷം മേഘാലയയിൽ കൽക്കരി ഖനനം പുനഃരാരംഭിക്കുന്നു

ദേശീയ ഹരിത ട്രൈബ്യൂണൽ 2014 ഏപ്രിലിൽ മേഘാലയയിൽ കൽക്കരി ഖനനത്തിനും കൽക്കരി ഗതാഗതത്തിനും നിരോധനം ഏർപ്പെടുത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    4 May 2023 5:05 AM GMT

coal mining_ meghalaya
X

ഷില്ലോങ്: ഒൻപത് വർഷത്തിന് ശേഷം മേഘാലയയിൽ കൽക്കരി ഖനനം പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി കോൺറാഡ് കെ സാംഗ്മ. ലൈസൻസിനായി അപേക്ഷിച്ച നാല് കമ്പനികൾക്ക് ഖനന പാട്ടത്തിന് കേന്ദ്ര കൽക്കരി മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. സുസ്ഥിരവും നിയമാനുസൃതവുമായ എക്‌സ്‌ട്രാക്ഷൻ നടപടിക്രമങ്ങളിലൂടെ കുറഞ്ഞ പാരിസ്ഥിതിക ആഘാതം ഉറപ്പാക്കുന്ന ശാസ്ത്രീയ ഖനനമാകും നടക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാസ്‌ത്രീയ കൽക്കരി ഖനനം ആരംഭിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശാസ്‌ത്രീയ ഖനനത്തിന്റെ ഭാഗമായി കൽക്കരി ഖനന മേഖലകൾ നികത്തുന്നതിനും റിമോട്ട്‌ സെൻസിംഗ്, ഏരിയൽ സർവേ, 3ഡി മോഡലിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗത്തിനും മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പാരിസ്ഥിതിക ആഘാതം ഗണ്യമായി ലഘൂകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ ഹരിത ട്രൈബ്യൂണൽ 2014 ഏപ്രിലിൽ മേഘാലയയിൽ കൽക്കരി ഖനനത്തിനും കൽക്കരി ഗതാഗതത്തിനും നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇത് കാരണം സംസ്ഥാനത്തിന്റെ വരുമാനത്തിൽ വൻ തിരിച്ചടിയാണുണ്ടായത്. ഖനന വ്യവസായത്തിന് (-) 59.36 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ജിഎസ്ഡിപി (-) 2.82 ശതമാനവും നെഗറ്റീവ് വളർച്ചയും രേഖപ്പെടുത്തിയിരുന്നു.

2019 ജൂലൈയിൽ, മേഘാലയ ഡെമോക്രാറ്റിക് അലയൻസ് ഉത്തരവ് ചോദ്യംചെയ്ത് രംഗത്തെത്തി. ഗോത്രവർഗക്കാരുടെ ഭൂമിയിലെ കൽക്കരി ഉൾപ്പെടെയുള്ള പ്രകൃതി വിഭവങ്ങളുടെ അവകാശം ഉയർത്തിപ്പിടിച്ചെങ്കിലും സുപ്രിംകോടതി കൽക്കരി നിരോധനം ശരിവെക്കുകയായിരുന്നു. എന്നാൽ, നിരോധനം ഉണ്ടായിട്ടും സംസ്ഥാനത്ത് അനധികൃത ഖനനം തുടരുകയും ഹൈക്കോടതി ഉൾപ്പെടെ വിവിധ കോടതികളിൽ നിരവധി കേസുകൾ ഫയൽ ചെയ്യുകയും ചെയ്തു. അനധികൃതമായി കൽക്കരി ഖനനം നടത്തിയതിനും കൽക്കരി കടത്തുന്നതിനുമായി 1,900 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് നിയമസഭയുടെ ഈ വർഷത്തെ ബജറ്റ് സമ്മേളനത്തിൽ മുഖ്യമന്ത്രി സഭയെ അറിയിച്ചിരുന്നു.

TAGS :

Next Story