Quantcast

വൈദ്യുത നിലയങ്ങളിലെ കൽക്കരി ശേഖര നയത്തിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം

രാജ്യം വൈദ്യുതി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് കേന്ദ്രത്തിന്‍റെ നീക്കം

MediaOne Logo

Web Desk

  • Published:

    21 May 2022 1:22 AM GMT

വൈദ്യുത നിലയങ്ങളിലെ കൽക്കരി ശേഖര നയത്തിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം
X

ഡല്‍ഹി: രാജ്യത്തെ വൈദ്യുത നിലയങ്ങളിലെ കൽക്കരി ശേഖര നയത്തിൽ മാറ്റം വരുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. രാജ്യം വൈദ്യുതി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് കേന്ദ്രത്തിന്‍റെ നീക്കം. അമിത കൽക്കരി ശേഖരം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട് എന്നാണ് സര്‍ക്കാരിന്‍റെ നിരീക്ഷണം.

കൽക്കരി ക്ഷാമം കാരണം രാജ്യത്തെ വൈദ്യുതി ഉത്പാദനം അതിന്‍റെ പൂർണ ക്ഷമതയിലേക്ക് ഇപ്പോഴും എത്തിയിട്ടില്ല. താപ വൈദ്യുത നിലയങ്ങളിൽ 25 ശതമാനത്തിനും താഴെ കൽക്കരി ശേഖരം ഉള്ളതിനാൽ പല സംസ്ഥാനങ്ങളിലും ഊർജ പ്രതിസന്ധി തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് താപ വൈദ്യുത നിലയങ്ങളിലെ നിർബന്ധിത കൽക്കരി ശേഖരണ തോത് കുറയ്ക്കാൻ കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കുന്നത്. കൽക്കരി ഖനികൾക്ക് സമീപത്തെ താപ വൈദ്യുത നിലയങ്ങൾ നിലവിൽ ആകെ സംഭരണ ശേഷിയുടെ 85% കൽക്കരി സംഭരിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിർദേശം.

12 മുതൽ 17 ദിവസം വരെ പ്രവർത്തിക്കാനുള്ള കൽക്കരിയാണ് സംഭരണത്തിൽ ഉണ്ടാകേണ്ടത്. ഇത് 10 ദിവസത്തേക്ക് ഉള്ള ശേഖരം മാത്രമാക്കി കുറയ്ക്കാൻ ആണ് കേന്ദ്ര സർക്കാരിന്‍റെ നീക്കം. ഖനികളിൽ നിന്നും അകലെയുള്ള താപവൈദ്യുത നിലയങ്ങൾ ദൂരത്തിന് അനുസരിച്ച് നിർബന്ധമായും സംഭരിക്കേണ്ടത് 20 മുതൽ 26 ദിവസത്തേക്ക് വരെയുള്ള കൽക്കരി ആണ്. ഇത് 12 മുതൽ 14 വരെ ആക്കി ചുരുക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. കൂടുതൽ കൽക്കരി ശേഖരിക്കുന്നത് കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ട് എന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിരീക്ഷണം. തദ്ദേശീയമായി നിർമിക്കുന്നതിനെക്കാൾ മൂന്ന് മടങ്ങ് വില അധികമുള്ള ഇറക്കുമതി കൽക്കരി കൂടുതൽ വാങ്ങണമെന്ന കേന്ദ്ര സർക്കാരിന്‍റെ നിർദേശം രാജസ്ഥാൻ ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ നേരത്തെ തള്ളിയിരുന്നു.

TAGS :

Next Story