ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം ഈ മാസം 24 വരെ തുടരുമെന്ന് മുന്നറിയിപ്പ്
ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മൂടൽ മഞ്ഞ് തുടരുന്നതിനാൽ ഗതാഗത തടസവും രൂക്ഷമാണ്
ഡല്‍ഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം ഈ മാസം 24 വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മൂടൽ മഞ്ഞ് തുടരുന്നതിനാൽ ഗതാഗത തടസവും രൂക്ഷമാണ്. ഇന്നലെ മാത്രം അതിശൈത്യത്തെ തുടർന്നുണ്ടായ അപകടങ്ങളിൽ മൂന്ന് മരണമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടായത്.
നിലവിലെ ശൈത്യ തരംഗം ഈ ആഴ്ച മുഴുവനും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. അന്തരീക്ഷ താപനിലയും രാത്രികാലങ്ങളിൽ 5 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നേക്കാം. ഡൽഹിയിൽ നിന്നുള്ള റെയിൽ വ്യോമ ഗതാഗതത്തെയും പുകമഞ്ഞ് ബാധിച്ചിട്ടുണ്ട്. നിലവിൽ 250 മീറ്റർ വരെയുള്ള കാഴ്ചാ പരിധി 150 മീറ്റർ വരെ കുറഞ്ഞേക്കാവുന്ന സാഹചര്യം ഉള്ളതിനാൽ യെല്ലോ അലേർട്ട് ആണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. റോഡ് അപകടങ്ങളിൽ ഉൾപ്പടെ 3 പേർക്കാണ് ശീത തരംഗം ആരംഭിച്ചപ്പോൾ തന്നെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജീവൻ നഷ്ടമായത്.
ശൈത്യ തരംഗത്തോടൊപ്പം ഡൽഹിയിൽ അന്തരീക്ഷ വായു മലിനീകരണവും രൂക്ഷമാകുന്നുണ്ട്. മലിനീകരണം തടയാൻ ഡൽഹി സർക്കാരിന്‍റെ ഇടപെടൽ കാര്യക്ഷമമല്ലെന്ന് ബി.ജെ.പി വിമർശിച്ചു. പൊതുഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ഡൽഹി സർക്കാർ ഇടപെടുന്നില്ല എന്ന് ആരോപിച്ച് ബി.ജെ.പി നേതാക്കൾ ഡൽഹി ലെഫ്റ്റ്നെൻ്റ് ഗവർണർ വികെ സക്സേനയ്ക്ക് പരാതി നൽകിയിട്ടുണ്ട്.
Adjust Story Font
16